ആലപ്പുഴ : റിയൽ എസ്റ്റേറ്റ് ഇടപാടുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ പരാതിയിൽ പുനരന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. ചേർത്തല കുത്തിയതോട് മംഗലപ്പള്ളിൽ വീട്ടിൽ അരുണിനെ (വിനു - 57) കഴിഞ്ഞവർഷം മേയ്18ന് വീടിന് സമീപത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ തിരുവനന്തപുരം പട്ടം സ്വദേശിനി ഡോ.ഗായത്രിയാണ് പരാതി നൽകിയത്.
കുടുംബവസ്തു ഭാഗംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് അരുണും സഹോദരിയും തമ്മിൽ ഏറെനാളായി തർക്കം തുടരുന്നതിനിടെയാണ് കുടുംബവീടിനോട് ചേർന്ന് മുമ്പ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ മുറിയ്ക്കുള്ളിൽ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ അരുണിന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അരുണിനെ സഹോദരീപുത്രൻ മുമ്പ് ആക്രമിക്കുകയും പൊലീസിൽ തുടർച്ചയായി പരാതികൾ നൽകി സമ്മർദ്ദത്തിലാക്കുകയും ചെയ്തിരുന്നതായി ഗായത്രി പരാതിയിൽ ചൂണ്ടിക്കാട്ടി.
ജോലിയുമായും മകളുടെ പഠനവുമായും ബന്ധപ്പെട്ട് ഗായത്രി തിരുവനന്തപുരത്താണ് താമസം. 2024മേയ് 18ന് അരുണിന്റെ സഹോദരിയുടെ ഫോണിൽ നിന്ന് അയൽവാസിയാണ് ഗായത്രിയെ മരണവിവരം അറിയിച്ചത്. കാൽമുട്ട് രണ്ടും നിലത്തുകുത്തി കഴുത്തിൽ കുരുക്കുമുറുകി അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഗായത്രിയുടെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എസ് സന്തോഷും വിശദമായ അന്വേഷണം ശുപാർശ ചെയ്തതിനെത്തുടർന്ന് പുനരന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ നിർദേശിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
പരാതിയിൽ ഉന്നയിച്ച സംശയങ്ങൾ
1. രാസപരിശോധനാഫലത്തിലേ മരണകാരണം വ്യക്തമാകൂവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിട്ടും ഫലം വരുംമുമ്പേ ലോക്കൽ പൊലീസ് ആത്മഹത്യയായി എഴുതിത്തള്ളി.
2. അരുണിന്റെ വിരലടയാളമോ ആത്മഹത്യ ചെയ്യാനുപയോഗിച്ചെന്ന് പറയുന്ന കയറോ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചില്ല
3. ആഹാരാവശിഷ്ടങ്ങൾക്കൊപ്പം ഉഗ്രഗന്ധമുള്ള എന്തിന്റെയോ സാന്നിദ്ധ്യം ഉണ്ടെന്ന പോസ്റ്റുമോർട്ടം കണ്ടെത്തൽ സംശയാസ്പദം
4. വിഷമോ അമിത അളവിൽ മദ്യമോ നൽകി കെട്ടിത്തൂക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല
5. അരുണിനെ തലേദിവസം കണ്ടെന്ന പ്രദേശവാസിയുടെ മൊഴിയും പോസ്റ്റുമോർട്ടം കണ്ടെത്തലും പരസ്പരവിരുദ്ധം
അരുണിന്റെ മരണത്തിൽ ദുരൂഹതയുള്ളതായും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും ഭാര്യ നൽകിയ പരാതിയിലാണ് പുനരന്വേഷണത്തിന് നിർദേശം നൽകിയത്. മുഴുവൻ സംശയങ്ങളും അന്വേഷണവിധേയമാകും
- ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |