ആലപ്പുഴ: മസ്തിഷ്ക ജ്വരം പോലെയുള്ള രോഗങ്ങൾ തടയുന്നതിനും സുരക്ഷിത ജലലഭ്യത ഉറപ്പാക്കുന്നതിനും ജില്ലയിലെ കിണറുകളിൽ പരിശോധന തുടങ്ങി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി.ജലമാണ് ജീവൻ എന്ന പദ്ധതിയിലൂടെ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളിലെ രസതന്ത്ര ലാബുകളിലാണ് പരിശോധന.ഇതിനായി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിരുന്നു. ജില്ലയിൽ ഇതുവരെ 932 കിണറുകളിലെ വെള്ളം പരിശോധിച്ചുകഴിഞ്ഞു. കിണറുകളിൽ ക്ലോറിനേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഈ മാസം കിണറുകളിലെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. ഇതുവരെ പരിശോധിച്ച ചില സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. കൂടാതെ നിറം, ഗന്ധം, പി.എച്ച് മൂല്യം, ലവണാംശം, നൈട്രൈറ്റ്, അമോണിയ, അലിഞ്ഞുചേർന്ന ഖരപദാർത്ഥങ്ങൾ തുടങ്ങി എട്ടോളം ഘടകങ്ങളാണ് പരിശോധിക്കുന്നത്. പ്രശ്നമുണ്ടെന്ന് കണ്ടെത്തുന്നവ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. കോളീഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തുന്ന ജലം ക്ലോറിനേറ്റ് ചെയ്യുകയാണ് ആദ്യം ചെയ്യുക.
50 ലാബുകൾ കൂടി ആരംഭിക്കും
1.ക്യാമ്പെയ്‌നിന്റെ തുടർച്ചായി പൊതു ജലസ്രോതസുകളിലെ ജലശുദ്ധി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും അനുബന്ധബോധവത്കരണവും അടുത്തമാസം മുതൽ നടക്കും. ഉപയോഗ്യമായ മുഴുവൻ കുളങ്ങളിലും ജലസ്രോതസുകളിലും ശുചീകരണവും അവയിലേക്ക് മാലിന്യമെത്തുന്ന വഴികൾ അടയ്ക്കലും ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുണ്ടാകും. ജില്ലയിൽ 15000 സാമ്പിളുകളാണ് ശേഖരിക്കുക
2.ജില്ലയിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 50 ലാബുകൾ കൂടി ആരംഭിക്കാനാണ് ഹരിതകേരളം മിഷന്റെ ലക്ഷ്യം.സർക്കാർ സ്കൂളുകൾ ലഭ്യമായില്ലെങ്കിൽ എയ്ഡഡ് സ്കൂളുകളിലും ലാബുകൾ ആരംഭിക്കും.ഇതിന്റെ നടപടികൾ ആരംഭിക്കും. ജില്ലയിൽ 28 ലാബുകളാണുള്ളത്. ഇവയിൽ നഗരസഭ പരിധിയിലല്ലാത്തവയ്ക്ക് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശോധന കിറ്റുകൾ വാങ്ങി നൽകും
ജില്ലയിൽ
ലാബുകൾ: 28
സാമ്പിളുകൾ എടുത്തത് : 932
ആകെ പരിശോധനകൾ: 15000
ജില്ലയിൽ കിണറുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന നടന്നുവരികയാണ്.
ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയാൽ തുടർ നടപടികൾ സ്വീകരിക്കും
-കെ.എസ്. രാജേഷ്, ജില്ലാ കോ-ഓർഡിനേറ്റർ, ഹരിതകേരളം മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |