ആലപ്പുഴ : ജില്ലയിൽ ഈ വർഷം നടന്ന വിവിധ സൈബർ തട്ടിപ്പുകളിലായി നഷ്ടമായത് 30 കോടി രൂപ. പൊലീസ്, ബാങ്ക്, കോടതി എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ ഇതിൽ 4.33 കോടി രൂപ പരാതിക്കാർക്ക് തിരികെ ലഭിച്ചു. ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിൽ മാത്രം 416 സൈബർ തട്ടിപ്പ് പരാതികളിലായി 11.18 കോടി രൂപയിലധികമാണ് നഷ്ടപ്പെട്ടത്.
ഇതിൽ 20ലക്ഷത്തിന് മുകളിൽ നഷ്ടപ്പെട്ട 21 കേസുകളുണ്ട്. ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 3 കോടി രൂപ, സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ 7 കേസുകളിലായി 70 ലക്ഷം, 63 ലക്ഷം, 39 ലക്ഷം, 38 ലക്ഷം, 29 ലക്ഷം, 27 ലക്ഷം, 25 ലക്ഷം, ചെങ്ങന്നൂർ സ്റ്റേഷനിൽ 54 ലക്ഷം, 40 ലക്ഷം, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ 22 ലക്ഷം എന്നിങ്ങനെയാണ് നഷ്ടമായത്.
സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പൊലീസും ബാങ്ക് ഉദ്യോഗസ്ഥരുമായി ചേർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള ജില്ലാതല കോഓർഡിനേഷൻ സെല്ലിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് നടക്കും. ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിൽ ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ നിർവഹിക്കും. ജില്ലാ ലീഡ് ബാങ്ക് മാനേജർ എം.അരുൺ മുഖ്യപ്രഭാഷണം നടത്തും.ഡി.സി.ആർ.ബി ഡിവൈ.എസ്.പിയും സൈബർ വിഭാഗം ജില്ലാ നോഡൽ ഓഫീസറുമായ എം.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. ചർച്ചകൾക്ക് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജ് നേതൃത്വം വഹിക്കും.
സമീപ കാലഘട്ടങ്ങളിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെയാണ് 90ശതമാനം തുകയും നഷ്ടപ്പെടുന്നത്
തട്ടിപ്പുകാർ വ്യാജ ട്രേഡിംഗ് പ്ളാറ്റ്ഫോമുകൾ നിർമ്മിച്ചാണ് വൻതുകകൾ ഇതിലേക്ക് നിക്ഷേപിപ്പിക്കുന്നത്
ഈ വർഷം റിപ്പോർട്ടായ കേസുകളിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 73 പേരെ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ ജില്ലയിൽ കുതിച്ചുയർന്നത്
തട്ടിപ്പുകൾ
(2023- 2025 സെപ്തംബർ 27 വരെ)
വർഷം, പരാതികൾ, നഷ്ടമായ തുക, തിരികെ ലഭിച്ച തുക
2023 : 1234, 11.4 കോടി, 43 ലക്ഷം
2024 : 2331, 39.4 കോടി, 1.93 കോടി
2025 : 1810, 30 കോടി, 4.33 കോടി
വർഷങ്ങളായി ഷെയർ മാർക്കറ്റുകളിലും മറ്റും നിക്ഷേപിക്കുന്നവരാണ് ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിപ്പിനിരയാകുന്നത്
- ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |