ചേർത്തല: കടക്കരപ്പള്ളി ആലുങ്കൽ പത്മാനിവാസിൽ ബിന്ദുപത്മനാഭനെയും ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെയും പ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ കൊലപ്പെടുത്തിയതിൽ സമാനതകൾ നിരവധി. ബിന്ദുവിനെ കഴുത്തിൽ ഷാളിട്ടുമുറുക്കി കഴുത്ത് ഞെരിച്ചും ജെയ്നമ്മയെ തലക്കടിച്ചും കൊന്നതായാണ് സെബാസ്റ്റ്യൻ മൊഴി നൽകിയത്. ഇതിനുശേഷം തെളിവുകൾ നശിപ്പിച്ചത് ഒരേതരത്തിലാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പള്ളിപ്പുറത്തെ രണ്ടര ഏക്കർ വരുന്ന വളപ്പിൽ ഒറ്റപ്പെട്ടു നിൽക്കുന്ന വീട്ടിൽ എന്തുനടന്നാലും ആരും അറിയില്ലെന്ന ഉറപ്പാണ് സെബാസ്റ്റ്യന് ധൈര്യം പകർന്നത്.
ഇരുവരേയും തന്ത്രപരമായി വീട്ടിൽ എത്തിക്കുകയും വീടിനുള്ളിൽവെച്ച് കൊലപ്പെടുത്തുകയും വീട്ടുവളപ്പിൽ കുഴിച്ചിടുകയും ചെയ്തു. മാസങ്ങൾക്കു ശേഷം അവശിഷ്ടങ്ങൾ കത്തിച്ചു. 2006ൽ ബിന്ദുപത്മനാഭനെ കൊലപ്പെടുത്തി 18 വർഷങ്ങൾക്കു ശേഷമാണ് ജെയ്നമ്മയെ കൊന്നത്. ബിന്ദുകേസിൽ ആരോപണവിധേയനായി സംശയ നിഴലിൽ നിൽക്കുമ്പോഴായിരുന്നു ഇയാൾ ജെയ്നമ്മയെ കൊലപെടുത്തിയതെന്നത് അന്വേഷണ സംഘങ്ങളെയും ഞെട്ടിച്ചിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ കണ്ടെത്തി ഇവരെ വശീകരിച്ച് കൂട്ടികൊണ്ടു പോയി കൊലപ്പെടുത്തുന്ന 'മാനസിക വൈകൃതം' ഇയാൾക്കുള്ളതായാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ചേർത്തല സ്വദേശിനി ഹയറുമ്മയെ കാണാതായ കേസിലും സെബാസ്റ്റ്യൻ സംശയനിഴലിലാണ്.
സെബാസ്റ്റ്യൻ 'സഹകരിച്ചു ', അന്വേഷണ സംഘത്തിന് പ്രതീക്ഷ
കോട്ടയം ക്രൈബ്രാഞ്ച് സംഘം പലഘട്ടത്തിലായി നാല് ദിവസത്തിലധികം ചോദ്യം ചെയ്തിട്ടും മനസ് തുറക്കാത്ത സെബാസ്റ്റ്യൻ വിവരങ്ങൾ നൽകി തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് സംഘം. ജെയ്നമ്മ കേസിൽ കോട്ടയം ക്രൈബ്രാഞ്ചിനു മുന്നിൽ നീണ്ട ചോദ്യം ചെയ്യലിൽ കിട്ടിയ മൊഴിയിയെത്തുടർന്നാണ് ബിന്ദുപത്മനാഭൻ കേസിൽ സെബാസ്റ്റ്യൻ കുടുങ്ങിയത്. എന്നാൽ ഇതിൽ കസ്റ്റഡിയിലെ ആദ്യ ദിനത്തിൽ തന്നെ നിർണായക വിവരങ്ങൾ ഇയാളിൽ നിന്നും ശേഖരിക്കാൻ സംസ്ഥാന ക്രൈംബ്രാഞ്ചിനായി. ഇതോടെ ഹയറുമ്മ(ഐഷ) കേസിലും പ്രതീക്ഷയായി. ഇതിലെയും വിവരങ്ങൾ പുറത്തുവരുമെന്ന നിഗമനത്തിലാണ് പൊലീസും. ഐഷ കേസ് ചേർത്തല പൊലീസാണ് അന്വേഷിക്കുന്നത്. 2012 മെയിലാണ് ഐഷയെ കാണാതായത്. 30വരെയാണ് സെബാസ്റ്റ്യന്റെ കസ്റ്റഡികാലാവധി. ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് നീക്കം.
താക്കോൽ കോട്ടയത്ത്, മണിക്കൂറുകളോളം കാത്തിരിപ്പ്
ശനിയാഴ്ച രാവിലെ 11.30യോടെയാണ് സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ കുടുംബ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചത്. എന്നാൽ ഇവിടെ എത്തിയപ്പോഴാണ് വീടിന്റെ താക്കോൽ കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണെന്നറിഞ്ഞത്. ഒന്നര മണിക്കൂറിനു ശേഷമാണ് താക്കോലെത്തിക്കാനായത്. അതുവരെ സെബാസ്റ്റ്യൻ സ്വന്തം വീടിന്റെ പുറത്തിരുന്നു. വെളിപ്പെടുത്തിയ സ്ഥലങ്ങൾ പരിശോധിച്ച സംഘം. താക്കോലെത്തിച്ച ശേഷമാണ് സെബാസ്റ്റ്യനുമായി അകത്തുകയറി തെളിവെടുപ്പ് നടത്തിയത്. വൈകിട്ടു നാലുവരെ വീട്ടിൽ പരിശോധന തുടർന്നു. തുടർന്നാണ് തണ്ണീർമുക്കം ബണ്ടിലെത്തിച്ചത്. സംഭവസമയത്ത് സെബാസ്റ്റ്യനുണ്ടായിരുന്ന അംബാസിഡർ കാറിൽ അവശിഷ്ടങ്ങൾ കൊണ്ടുവന്നു ബണ്ടിലെ ചിറയിൽ നിന്നും കായലിലേക്കു തള്ളിയെന്നാണ് മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |