ആലപ്പുഴ: ജില്ലയെ ആശങ്കയിലാക്കി കുട്ടികളിൽ മുണ്ടിനീര് വ്യാപകമാകുന്നു. ഒരാഴ്ചയ്‌ക്കിടെ അറുപതോളം കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയുടെ തെക്കൻ മേഖലകളായ കായംകുളം, പല്ലന, ഹരിപ്പാട് ഭാഗങ്ങളിലാണ് രോഗബാധ വ്യാപകമായത്. കഴിഞ്ഞമാസം കൊല്ലം ജില്ലയിൽ മുണ്ടിനീര് പടർന്നുപിടിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആലപ്പുഴയിലും രോഗവ്യാപനമുണ്ടായത്. മുപ്പത് അങ്കണവാടികളും എട്ട് സ്കൂളുകളും രോഗപ്രതിരോധത്തിന്റെ ഭാഗമായി താത്കാലികമായി അടച്ചിരിക്കുകയാണ്. രോഗം വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. പട്ടിക തയാറാക്കി, ആർക്കെങ്കിലും രോഗലക്ഷണമുണ്ടോയെന്ന് പരിശോധിക്കും.
വായുവിലൂടെ പകരുന്ന രോഗം ഉമിനീർ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരിൽ അണുബാധകാരണം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുന്നതിന് തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് സാധാരണയായി രോഗം പകരുന്നത്. ഐസ് വെയ്ക്കുന്നതും ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് ചൂട് കൊള്ളുന്നതും നീരിനും വേദനയ്ക്കും ആശ്വാസം നൽകും. ഇളം ചൂടുള്ള ഉപ്പുവെള്ളം ഗാർഗിൾ ചെയ്യുന്നതും നല്ലതാണ്.
രോഗം പൂർണമായും ഭേദമാകുന്നത് വരെ വീട്ടിൽ വിശ്രമിക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക, രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക, ധാരാളം വെള്ളം കുടിക്കുക, നേർത്ത ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മുണ്ടിനീരിനെ പ്രതിരോധിക്കാൻ സഹായിക്കും.
എം.എം.ആർ വാക്സിൻ പുനഃസ്ഥാപിക്കണം
1. കുട്ടികളിലാണ് മുണ്ടിനീര് (മംപ്സ്) കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ.ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടുക,വിശപ്പില്ലായ്മയും ക്ഷീണവും, പേശി വേദനയുമാണ് മറ്റു ലക്ഷണങ്ങൾ.തൊണ്ടവേദന എന്ന് കരുതി ചികിത്സ സ്വീകരിക്കാതിരിക്കരുത്
2.ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയിൽ 2017 മുതൽ മുണ്ടിനീരിന് വാക്സിൻ നൽകുന്നില്ല. മംപ്സ്, മീസിൽസ്, റൂബല്ല എന്നിവയ്ക്കായി നൽകിയിരുന്ന എം.എം.ആർ വാക്സിന് പകരം മീസിൽസിനും റൂബല്ലയ്ക്കുമുള്ള എം.ആർ വാക്സിനാണ് നിലവിൽ സർക്കാർ നൽകി വരുന്നത്
3.സ്വകാര്യ ആശുപത്രികളിൽ എം.എം.ആർ വാക്സിൻ ലഭ്യമാണ്. വലിയ നിരക്കാണ്
അവർ ഇതിനായി ഈടാക്കുന്നത്.എന്നാൽ, ഭൂരിപക്ഷം രക്ഷിതാക്കളും സർക്കാർ ആരോഗ്യ സംവിധാനങ്ങളെയാണ് പ്രതിരോധ കുത്തിവയ്പ്പിന് ആശ്രയിക്കുന്നത്.
അതിനാൽ, എം.എം.ആർ വാക്സിൻ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്്
മുണ്ടിനീര് രണ്ട് ആഴ്ചകൊണ്ട് ഭേദമാകാറുണ്ട്. രോഗാണുവിന്റെ ഇൻകുബേഷൻ കാലയളവ് 12 മുതൽ 25 ദിവസം വരെയായതിനാൽ രോഗികളുമായി സമ്പർക്കത്തിലായവർ ശ്രദ്ധ പുലർത്തുന്നത് വ്യാപനം തടയുന്നതിന് സഹായകമാണ്
- ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |