അമ്പലപ്പുഴ: 110 വർഷം പഴക്കമുള്ള ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകിയ കുട്ടനാടിന്റെ അക്ഷരമുത്തശ്ശി കഞ്ഞിപ്പാടം എൽ.പി സ്കൂൾ ഓർമ്മയാകുന്നു.സർക്കാർ ഏറ്റെടുത്ത്, രണ്ട് കോടി രൂപ ചെലവിൽ
ആധുനിക രീതിയിൽ കെട്ടിടം പണിയാനാണ് സ്കൂൾ പൊളിക്കുന്നത്.
നിലവിൽ ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയാണുള്ളത്. പിന്നീട് നിർമ്മിച്ച മറ്റൊരുകെട്ടിടത്തിലും വിജയൻ സ്മാരക സാംസ്ക്കാരിക നിലയത്തിലുമാണ് ഇപ്പോൾ അദ്ധ്യയനം നടക്കുന്നത്.ഹെഡ്മാസ്റ്റർ ഉൾപ്പടെ 5 അദ്ധ്യാപകരാണുള്ളത്.
ചേച്ചാപറമ്പ് കുടുംബക്കാർ നൽകിയ 24 സെന്റ് നിലം നാട്ടുകാരുടെ സഹായത്തോടെ നികത്തി എടുത്താണ് ഓലക്കെട്ടിടത്തിൽ സ്കൂൾ തുടങ്ങിയത്.
ആറ് സമുദായങ്ങൾ ചേർന്ന മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. റോഡ് സൗകര്യമില്ലായിരുന്ന അക്കാലത്ത് കർഷകഗ്രാമമായിരുന്ന കഞ്ഞിപ്പാടം നിവാസികളുടെ ഏക ആശ്രയമായിരുന്നു ഈ എൽ.പി.സ്കൂൾ.
2015ൽ ദർശനം സാംസ്ക്കാരി വേദി സംഘടിപ്പിച്ച ശതാബ്ദി ആഘോഷത്തിന്റെ സമാപനസമ്മേളനത്തിൽ മുൻ മന്ത്രി ജി.സുധാകരനാണ് സ്കൂൾ സർക്കാരിന് വിട്ടുകൊടുത്താൽ കെട്ടിടം പണിഞ്ഞ് നൽകാമെന്ന് പറഞ്ഞത്. പിന്നീട് എം.എൽ.എയായ എച്ച്.സലാം സാങ്കേതിക തടസങ്ങൾ നീക്കി സ്കൂൾ സർക്കാർ
ഏറ്റെടുത്തു. രണ്ട് കോടി രൂപ പുതിയ സ്കൂളിനായി അനുവദിക്കുകയും ചെയ്തു. മാനേജരായിരുന്ന എൻ.വി.വിവേകാനന്ദനാണ് വിദ്യാഭ്യാസ മന്ത്രിക്ക് രേഖകൾ കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |