ആലപ്പുഴ: അഴകോടെ ആലപ്പുഴ കാമ്പയിൻ അരങ്ങ് തകർക്കുകയും സമ്പൂർണ ശുചിത്വ നഗരപദവിയിലെത്തുകയും ചെയ്തിട്ടും നഗരത്തിലെ കളക്ടറേറ്റ്
വളപ്പിൽ പൊതുടോയ്ലറ്റില്ല. മുപ്പതിലധികം സർക്കാർ ഓഫീസുകളും ജില്ലാ പഞ്ചായത്തും പ്രമുഖ ബാങ്കുകളുടെ ശാഖകളും സ്ഥിതിചെയ്യുന്ന
ഇവിടെ നിത്യേന നൂറുകണക്കിന് പേരാണ് വന്നുപോകുന്നത്. പുരുഷന്മാരും സ്ത്രീകളും ഭിന്നശേഷിക്കാരുമെല്ലാം ഇതിൽ ഉൾപ്പെടും. ഇവിടത്തെ ഒരു ഓഫീസിലെത്തിയ സ്ത്രീക്ക് അത്യാവശ്യം നേരിട്ടപ്പോൾ ഓഫീസ് അധികൃതർ ടോയ്‌ലറ്റ് തുറന്നു കൊടുക്കാൻ വിസമ്മതിച്ചത് പരാതിക്ക് ഇടയാക്കിയിരുന്നു.
ജില്ലാ പഞ്ചായത്തും ജില്ലാ ട്രഷറി ഓഫീസും മറ്റ് അനേകം പ്രധാനപ്പെട്ട ഓഫീസുകളും സ്ഥിതി ചെയ്യുന്നതിനാൽ പെൻഷനുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി നിത്യേന നൂറ് കണക്കിന് സ്ത്രീകളാണ് ഇവിടെ വന്നു പോകുന്നത്. അതിൽ നല്ലൊരു വിഭാഗം പ്രമേഹരോഗബാധിതരുമാണ്. ഇവരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.
രോഗികളും വൃദ്ധരുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ വന്നു പോകുന്ന കളക്ടറേറ്റ് വളപ്പിലെ കാന്റീനും പ്രവർത്തനരഹിതമാണ്. പഴയ കാന്റീൻ അടച്ചുപൂട്ടിയശേഷം പുതിയതിന് കരാർ നൽകാത്തതാണ് തടസം കാന്റീൻ ഇല്ലാത്തതിനാൽ വിവിധ ഓഫീസുകളിൽ എത്തുന്നവർക്ക് ഭക്ഷണം കഴിക്കാനാവാതെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുന്നതും തളർന്നു വീഴുന്നതും നിത്യസംഭവമാണ്
ഓഫീസിലുള്ളവർ കനിഞ്ഞില്ലെങ്കിൽ പെട്ടുപോകും
1.ആലപ്പുഴ കളക്ടറേറ്റിൽ ഓഫീസുകൾ പലതും ഭിന്നശേഷി സൗഹൃദമാക്കിയിട്ടുണ്ടെങ്കിലും ഭിന്നശേഷി സൗഹൃദടോയ്ലറ്റുകൾ നിർമ്മിച്ചിട്ടില്ല
2. പല കാര്യങ്ങൾക്കായി ഓഫീസുകളിലെത്തുന്ന ഭിന്നശേഷിക്കാരായ സ്ത്രീകളുൾപ്പെടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനാകാതെ ദുരിതത്തിലാണ്
3.ജില്ലാ പഞ്ചായത്ത് ഓഫീസ് കൂടി സ്ഥിതി ചെയ്യുന്ന കളക്ടറേറ്റ് വളപ്പിൽ ഇ -ടോയ്ലറ്റുകൾ സ്ഥാപിക്കാനുള്ള സ്ഥലവും സൗകര്യവുമുണ്ടെങ്കിലും അതിന് ശ്രമമുണ്ടായിട്ടില്ല
4. ദിവസേന സ്ത്രീളും ഭിന്നശേിക്കാരുമടക്കം നൂറുകണക്കിന് പേരാണ് കളക്ടറേറ്റിലെ വിവിധ ഓഫീസുകളിലായി വന്നുപോകുന്നത്
കളക്ടറേറ്റ് വളപ്പിൽ പബ്ലിക് ടോയ്ലറ്റുകളും കാന്റീനും ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്
- ചന്ദ്രദാസ് കേശവപിള്ള, സാമൂഹിക പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |