ആലപ്പുഴ: നാട്ടിൽ തിരികെ വന്ന പ്രവാസികളെ നോർക്ക കെയർ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം കടുപ്പിക്കുന്നു. സർക്കാർതലത്തിൽ നടപടിയുണ്ടായില്ലെങ്കിൽ വിദേശത്തുനിന്ന് തിരികെ വന്നവർക്കായി ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ പ്രവാസി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന കമ്മറ്റി അറിയിച്ചു. തുടർ നടപടികൾക്ക് ഉപസമിതിയെ യോഗം ചുമതലപ്പെടുത്തി. പോളിസി എടുത്ത ശേഷം തിരികെ നാട്ടിലെത്തുന്നവർക്ക് അത് തുടരാനുള്ള അവസരമുണ്ട്. അതേസമയം, ഇതിനകം തിരികെയെത്തിയ, വർഷങ്ങളോളം ഇതിന് വേണ്ടി ആവശ്യമുന്നയിച്ച വലിയൊരു വിഭാഗത്തിന് നോർക്ക കെയർ ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാനാകില്ല.
ലോകകേരളസഭ, പ്രവാസികാര്യ നിയമസഭാ ഉപസമിതി, നോർക്ക ക്ഷേമനിധി ബോർഡ് യോഗങ്ങളുൾപ്പെടെ നിരന്തം ഇൻഷ്വറൻസ് ആവശ്യം ഉന്നയിച്ചിരുന്നതായി പ്രവാസി കോൺഗ്രസ് പ്രതിനിധികൾ പറഞ്ഞു. വരുമാന പരിധി നിശ്ചയിച്ച്, അറുപത് വയസ്സ് പിന്നിട്ട മുൻ പ്രവാസികളെ പരിഗണിക്കണമെന്ന് . നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം പള്ളിവിള, സലാം സിത്താര, സോമശേഖരൻ നായർ, അഷറഫ് വടക്കേവിള, ചന്ദ്രിക, ഡോ.മഞ്ഞപ്പാറ റഷീദ്, അനിൽകുമാർ, നൗഷാദ് പാലോട് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |