ആലപ്പുഴ: അനധികൃത സർവീസുകൾക്കെതിരെ ഹൗസ് ബോട്ട് ഉടമകൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ബോട്ടുകളെ തടയാൻ ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ കോർ കമ്മിറ്റി ഭാരവാഹികളും അതിനെ എതിർത്തുകൊണ്ട് ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് സംയുക്ത സമിതിയും രംഗത്തെത്തിയതോടെയാണ് പുന്നമട ഫിനിഷിംഗ് പോയിന്റിൽ നടന്ന പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയത്. ആലപ്പുഴ റജിസ്‌ട്രേഷനല്ലാത്ത രണ്ടുബോട്ടുകളെ പ്രവർത്തകർ അഴിച്ചുവിട്ടു.
ആലപ്പുഴയിൽ രജിസ്റ്റർ ചെയ്യാതെ വേമ്പനാട്ട് കായലിലും പരിസരത്തും സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളെ തടയുകയെന്ന ആഹ്വാനവുമായാണ് ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ രാവിലെ പുന്നമട ഫിനിഷിംഗ് പോയിന്റിൽ സംഘടിച്ചത്.ബോട്ടുകളെ തടയാൻ ശ്രമിച്ചാൽ നേരിടുമെന്ന് ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് സംയുക്ത സമിതി നേരത്തെ പറഞ്ഞിരുന്നു.
ഫിനിഷിംഗ് പോയന്റിൽ നിന്ന് മുദ്രാവാക്യം വിളിയുമായി കോർകമ്മിറ്റി ഭാരവാഹികൾ പ്രകടനമായി തെക്കുഭാഗത്തേക്ക് പോകുന്നതിനിടെ പ്രധാന കവാടത്തിന് സമീപത്ത് നിലയുറപ്പിച്ചിരുന്ന സംയുക്ത സമിതി പ്രവർത്തരുമായി വാക്കുതർക്കവും നേരിയ സംഘർവും ഉണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ട് സംഘർഷ സാദ്ധ്യത അവസാനിപ്പിച്ചു.
മുദ്രാവാക്യം വിളിയുമായി കോർകമ്മിറ്റി ഭാരവാഹികൾ ഫിനിഷിംഗ് പോയിന്റിന്റെ തെക്കേയറ്റം വരെ പോയ ശേഷം തിരികെ വന്നപ്പോഴും സംയുക്ത സമിതിയുമായി വാക്കേറ്റമുണ്ടായി.
പ്രതിഷേധത്തിൽ കോർകമ്മിറ്റി പ്രസിഡന്റ് ജി.വേണുഗോപാൽ, വി.വിനോദ്, കുഞ്ഞുമോൻ മാത്യു, ആർ.ബാബു, ജിസ്‌മോൻ എന്നിവർ സംസാരിച്ചു. സമിതി പ്രതിഷേധത്തിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എസ്.ശ്യം, കെ.എസ്. ജോപ്പൻ, എം.ജി. ലൈജു, എ. അനസ്, എ. അഫ്‌സൽ, അരുൺ മുട്ടേൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |