ആലപ്പുഴ: വികസനത്തിനൊപ്പം ആലപ്പുഴയുടെ പരിസ്ഥിതി സംരക്ഷണത്തിനും ദുരന്ത നിവാരണത്തിനും പൈൻ ബഫർ സ്ട്രിപ്പും കണ്ടൽ വനങ്ങളുമുൾപ്പെടെ ആലപ്പുഴ മാസ്റ്റർ പ്ളാനിലുള്ളത് ബൃഹത്തായ കർമ്മ പദ്ധതി .വെള്ളപ്പൊക്ക നിവാരണത്തിനൊപ്പം ആലപ്പുഴ നഗരത്തിന്റെയും സമീപപ്രദേശങ്ങളുടെയും പരിസ്ഥിതി സംരക്ഷണത്തിന് കൂടി ഉതകുന്നതാണ് മാസ്റ്റർ പ്ളാനിലെ പദ്ധതികൾ. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന കുട്ടനാടൻ പാടങ്ങളിലെ നെൽ കൃഷിയും കായൽ നിലങ്ങളിലെ സ്വാഭാവികമായ മത്സ്യ സമ്പത്തും സംരക്ഷിക്കുന്നതിനായി പാടങ്ങൾക്ക് ചുറ്റും അതിർത്തി ബണ്ടുകൾ സംരക്ഷിക്കാനും ബലപ്പെടുത്താനും മാസ്റ്റർ പ്ളാനിൽ നിർദേശമുണ്ട്. ഇതിനായി കൃഷി- റവന്യൂ- ജലസേചന വകുപ്പുകൾ പദ്ധതികൾ ആവിഷ്കരിക്കും.
നഗരത്തെയും കുട്ടനാടിനെയും വെള്ളപ്പൊക്കക്കെടുതികളിൽ നിന്ന് രക്ഷിക്കാൻ പുന്നമടയ്ക്ക് സമീപത്തെ ഉപയോഗശൂന്യമായ കായൽ നിലങ്ങൾ ചെളിയും എക്കലും നീക്കി മഴവെള്ള സംഭരണിയാക്കി സംരക്ഷിക്കും. മണ്ണൊലിപ്പ് തടയുന്നതിനും തീര സംരക്ഷണത്തിനവുമായി പൈൻ മരങ്ങൾ വച്ചുപിടിപ്പിച്ച് പൈൻ ബഫർ സ്ട്രിപ്പുകൾ രൂപപ്പെടുത്തുന്നതിലൂടെ വംശനാശം നേരിടുന്ന പൈൻ മരങ്ങളെ സംരക്ഷിക്കാനും ഇവിടം വിനോദ സഞ്ചാരത്തിന് കൂടി ഉപയോഗപ്പെടുത്താനും കഴിയും. ബീച്ചുൾപ്പെടുന്ന ആലപ്പുഴയുടെ തീരദേശത്തും നഗരത്തിലെ കനാലുകൾ സംഗമിക്കുന്ന പൊഴിമുഖങ്ങളിലും കണ്ടൽ ചെടി സംരക്ഷണ മേഖലയാക്കി രൂപമാറ്റം വരുത്താനാണ് മറ്റൊരു പദ്ധതി. തീരശോഷണം തടയുന്നതിനൊപ്പം കണ്ടലിന്റെയും ആലപ്പുഴയുടെ സ്വാഭാവികമായ മത്സ്യ സമ്പത്തിന്റെ സംരക്ഷണത്തിനും വംശവർദ്ധനവിനും ഇത് സഹായകമാകും. അയ്യപ്പൻ പൊഴി, വാടപ്പൊഴി, മുതലപ്പൊഴി, തുമ്പോളിപ്പൊഴി എന്നിങ്ങനെ നാല് പൊഴിമുഖങ്ങളാണ് കണ്ടൽ വന പദ്ധതിക്കായി പരിഗണിക്കുന്നത്. തുറമുഖ വകുപ്പും റവന്യൂ, വനം ഫിഷറീസ് വകുപ്പുകളും ഇതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും.
കുട്ടനാടുൾപ്പെടെവെള്ളപ്പൊക്കഭീതിയിലാകുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിനായി നഗരത്തിൽ മൾട്ടിപർപ്പസ് റസ്ക്യൂ ഷെൽട്ടർ സ്ഥാപിക്കും
ആലപ്പുഴ നഗരത്തിന് പടിഞ്ഞാറ് മാറി സഖറിയാബസാർ ഭാഗത്താണ് മൾട്ടിപർപ്പസ് റെസ്ക്യു ഷെൽട്ടറിന് മാസ്റ്റർ പ്ളാൻ ശുപാർശ ചെയ്തിരിക്കുന്നത്
ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ ഉൾപ്പെടെ ആളുകൾക്ക് താമസിക്കാനും മാനസികോല്ലാസത്തിനും വൈദ്യ സഹായത്തിനുമുൾപ്പെടെയുള്ള സംവിധാനങ്ങളുണ്ടാകും
സർക്കാരും നഗരസഭയുമാണ് മാസ്റ്റർ പ്ളാനിൽ തീരുമാനം കൈക്കൊള്ളേണ്ടത്
-ജില്ലാ ടൗൺ പ്ളാനറുടെ ഓഫീസ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |