പൂച്ചാക്കൽ: പൂച്ചാക്കലിലെ തപാൽ ഓഫീസ് അന്വേഷിച്ച് നാട്ടുകാർ വലയുകയാണ്.
നിലവിലെ വാടകക്കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് കഴിഞ്ഞ ദിവസമാണ് ഓഫീസ് മാറ്റിയത്. എന്നാൽ, ഇപ്പോൾ തപാൽ ഓഫീസ് കണ്ടെത്തണമെങ്കിൽ മഷിയിട്ട് നോക്കേണ്ട അവസ്ഥയാണ്. റോഡിൽ നിന്ന് നോക്കിയാൽ കാണാത്ത രീതിയിൽ മറ്റുകെട്ടിടങ്ങളുടെ പുറകിലാണ് ഇപ്പോൾ ഓഫീസ് പ്രവൃത്തിക്കുന്നത്. കെട്ടിടം മാറ്റിയ വിവരം പഴയ കെട്ടിടത്തിന്റെ ഭിത്തിയിൽ പതിപ്പിച്ചിട്ടുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കാതെയാണ് തപാൽ ഓഫീസ് അന്വേഷിച്ച് നടക്കുകയാണ്.
പൂച്ചാക്കൽ പഴയപാലത്തിന്റെ തെക്കേക്കരയിലാണ് തപാൽ ഓഫീസ് പ്രവർത്തിച്ചിരുന്നത്. സ്ഥലപരിമിതി കാരണം തിങ്ങി ഞെരുങ്ങിയായിരുന്നു പ്രവർത്തനം. കെട്ടിടത്തിന്റെ മുൻവശം പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശപ്രകാരം പൊളിച്ചുമാറ്റിയതോടെ വെയിലും മഴയും കൊണ്ടാണ് തപാൽ ഓഫീസിൽ മഹിളാ പ്രധാൻ ഏജന്റുമാർ ഉൾപ്പെടെയുള്ളവർ വന്നുപോയിരുന്നത്. നാലാൾ ഒരേ സമയം എത്തിയാൽ പുറത്ത് നിൽക്കേണ്ട സ്ഥിതിയായിരുന്നു. ഇതേ തുടർന്നാണ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറിയത്. അതാകട്ടെ, കാണാമറയത്തും.
സ്വന്തം സ്ഥലം കാടുകയറുന്നു
സ്വന്തമായി സ്ഥലമുണ്ടായിട്ടാണ് തപാൽവകുപ്പിന്റെ ഈ ദുരവസ്ഥ എന്നതാണ് വിചിത്രം.
ചേർത്തല അരുക്കുറ്റി റോഡരികിൽ പൂച്ചാക്കൽ പൊലീസ് സ്റ്റേഷന് സമീപമാണ് സ്ഥലമുള്ളത്. പതിറ്റാണ്ടുകൾക്ക് മുമ്പ് തപാൽ വകുപ്പ് കെട്ടിടം നിർമ്മിക്കുന്നതിന് വാങ്ങിച്ച ഈ സ്ഥലം ഇന്ന് ലക്ഷങ്ങൾ വിലമതിക്കുന്നു. ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും കാടുപിടിച്ചുകിടക്കുകയാണ് ഇപ്പോൾ ഇവിടം. ബാങ്കിങ്, പൊതുജന സേവനങ്ങൾ തുടങ്ങിയവ തപാൽ വകുപ്പ് നടപ്പാക്കിവരുന്ന സാഹചര്യത്തിൽ സ്വന്തമായി സ്ഥലമുണ്ടായിട്ടും കെട്ടിടം നിർമിക്കുന്നതിൽ അധികൃതർ നിസംഗത കാണിക്കുന്നു എന്ന ആക്ഷേപം നാട്ടിൽ ശക്തമാണ്.
തപാൽവകുപ്പിന്റെ സ്വന്തം സ്ഥലത്ത് കെട്ടിട നിർമ്മാണം പൂർത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം
-പി.എം.പ്രമോദ്, സി.പി.എം ഏരിയ കമ്മിറ്റിയംഗം
സ്വന്തം സ്ഥലത്തേയ്ക്ക് ആധുനിക സൗകര്യത്തോടുകൂടിയുള്ള കെട്ടിടം നിർമ്മിച്ച് തപാൽ ഓഫീസ്
മാറുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്
- സി.മിഥുൻലാൽ, പ്രസിഡന്റ്, ബി.ജെ.പി പാണാവള്ളി മണ്ഡലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |