SignIn
Kerala Kaumudi Online
Saturday, 15 November 2025 3.41 AM IST

ജീവിതശൈലീരോഗ ഭീഷണിയിൽ അഞ്ച് ലക്ഷം ആലപ്പുഴക്കാർ

Increase Font Size Decrease Font Size Print Page

ആലപ്പുഴ : പകർച്ചവ്യാധികളുടെ കേന്ദ്രമെന്ന് പേരുദോഷം കേട്ടി​രുന്ന ആലപ്പുഴയ്ക്ക് നിലവിൽ ഭീഷണി​യാകുന്നത് ജീവിതശൈലീ രോഗങ്ങൾ. ജില്ലയിൽ 30 വയസ്സിനു മുകളിലുള്ള 5.02 ലക്ഷംപേർ ജീവിതശൈലീരോഗം ഏതുനിമിഷവും പിടിപെടാവുന്ന ഉയർന്ന അപകടസാധ്യതാ പട്ടികയിലാണെന്ന് ശൈലി 2.0 ആരോഗ്യസർവേ കണ്ടെത്തി. 52.11 ശതമാനം പേരാണ് ഈ വിഭാഗത്തിലുള്ളത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലുള്ളതിനെക്കാൾ കൂടുതലാണിത്.

21.27 ലക്ഷമാണ് ജില്ലയിലെ ജനസംഖ്യ . അതിൽ 9.65 ലക്ഷം പേരെയാണ് സർവേക്ക്‌ വിധേയമാക്കിയത്. ഇവരിൽ 5.02 ലക്ഷം പേരുടെയും കമ്യൂണിറ്റി ബേസ്ഡ് അസസ്‌മെന്റ് ചെക്ക് ലിസ്റ്റ് (സി.ബി.എ.സി) സ്കോർ നാലിനു മുകളിലാണ്. സി.ബി.എ.സി സ്കോർ നാലിനു മുകളിലാണെങ്കിൽ ജീവിതശൈലീരോഗങ്ങളായ രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇവർക്ക് തുടർ ആരോഗ്യപരിശോധനകൾ നടത്തും. രക്തസമ്മർദത്തിന് ചികിത്സതേടുന്നവരുടെ എണ്ണവും മറ്റു ജില്ലകളിലേതിനെക്കാൾ കൂടുതലാണ് കൂടുതൽ പേർ രോഗികളാകാതിരിക്കാൻ മുൻകരുതൽ നടപടികളുമായാണ് ആരോഗ്യവകുപ്പ് മുന്നോട്ടുനീങ്ങുന്നത്. ബോധവത്കരണവും ഭക്ഷണശീലങ്ങളിലെ മാറ്റവും വ്യായാമമുറകളും പ്രോത്സാഹിപ്പിക്കും. ക്ഷയരോഗം സംശയിച്ച 25,000-ലേറെപ്പേരെയും കുഷ്ഠരോഗം സംശയിച്ച 24,987 പേരെയും സ്ക്രീനിങ്ങിനു വിധേയരാക്കുന്നുണ്ട്. രോഗം സ്ഥിരീകരിക്കുന്നവർക്ക് തുടർചികിത്സ ഉറപ്പാക്കും.

കാഴ്ചപരിമിതർ ഏറെ

ജില്ലയിലെ 2.95 ലക്ഷം പേർക്ക് കാഴ്ചപരിശോധന നിർദേശിച്ചിരിക്കുകയാണ്. ആകെ സർവേ നടത്തിയവരിൽ 28 ശതമാനത്തിലേറെയാണിത്. കേൾവിപരിശോധനയ്ക്ക് 39,926 പേരെ വിധേയരാക്കും.

 2024 ഒക്ടോബറിലാണ് ശൈലി ആരോഗ്യസർവേ 2.0 തുടങ്ങിയത്

 ഈ വർഷം ഫെബ്രുവരിയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു

 ആശമാരുടെ സമരത്തെ തുടർന്ന് സർവേ കാലതാമസം നേരിട്ടു

 11.26 ലക്ഷംപേരെ സർവേ നടത്തുക ലക്ഷ്യം

സ്‌ക്രീനിംഗിന് വിധേയരാകേണ്ടത്

 സ്തനാർബുദം-14,685

 ഗർഭാശയ അർബുദം-3,332

 വായിലെ അർബുദം-4,060

 ക്ഷയരോഗം-25,341

 ശ്വാസകോശ രോഗം-51,355

 കുഷ്ഠരോഗം-24,987

മുണ്ടീനീര് വ്യാപിക്കുന്നു

ജില്ലയെ ആശങ്കയിലാക്കി കുട്ടികളിൽ വീണ്ടും മുണ്ടിനീര് വ്യാപകമാകുന്നു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ നിരവധി കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞമാസം ജില്ലയുടെ തെക്കൻ മേഖലകളായ കായംകുളം, പല്ലന, ഹരിപ്പാട് ഭാഗങ്ങളിലും ആലപ്പുഴ നഗരത്തിലും രോഗവ്യാപനമുണ്ടായിരുന്നു. മുപ്പത് അങ്കണവാടികളും എട്ട് സ്കൂളുകളും രോഗപ്രതിരോധത്തിന്റെ ഭാഗമായി താത്കാലികമായി അടച്ചിരുന്നു.

മുണ്ടിനീര് വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് നടക്കുന്നുണ്ട്. ആർക്കെങ്കിലും രോഗലക്ഷണമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്

- ആരോഗ്യവകുപ്പ് അധികൃതർ

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.