ചമ്പക്കുളത്തും ചതുർത്ഥ്യാകരിയിലും പരീക്ഷിക്കും
ആലപ്പുഴ : ഈർപ്പത്തിന്റെയും പതിരിന്റെയും പേരിലുള്ള മില്ലുകാരുടെ വിരട്ടലിനും ചൂഷണത്തിനും അറുതിവരുത്താൻ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ബദൽ നെല്ല് സംഭരണ പദ്ധതിയുമായി സപ്ളൈകോ. ഇന്നലെ കൊച്ചിയിൽ ചേർന്ന സപ്ളൈകോ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ചചെയ്ത പദ്ധതി ചമ്പക്കുളം , ചതുർത്ഥ്യാകരി സഹകരണ സംഘങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ഇതിനായി ജില്ലയിലെ കൃഷി, സഹകരണ, പാഡി മാർക്കറ്റിംഗ് വകുപ്പ് ജീവനക്കാരുടെ യോഗം ഉടൻ ചേരും.
വരുന്ന പുഞ്ചക്കൃഷി സീസണിൽ പൈലറ്റ് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം. കടുത്ത വേനലും വേനൽമഴയും നേരത്തെ ആരംഭിക്കുന്ന കാലവർഷവും പുഞ്ചകൃഷിയിൽ കൊയ്ത്തും നെല്ല് സംഭരണവും പ്രതിസന്ധിയിലാക്കാറുണ്ട്. വരൾച്ചാസമയമായതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ നെല്ലിൽ പതിരിന്റെ അംശം കൂടും. വേനൽ മഴ ശക്തമായാൽ കൊയ്ത്തും നെല്ല് സംഭരണവും മുടങ്ങുന്നതിനൊപ്പം നെല്ലിൽ ഈർപ്പത്തിന്റെ തോതും കൂടും. ഈർപ്പവും പതിരും മുതലാക്കി നെല്ല് സംഭരണത്തിനെത്തുന്ന മില്ലുകാർ കർഷകരോട് തോന്നുംപടി കിഴിവ് ആവശ്യപ്പെടും. കൊയ്യുന്ന നെല്ല് പാടത്ത് തന്നെ ടാർപോളിനടിയിൽ സൂക്ഷിക്കേണ്ടി വരുന്ന കർഷകർ നെല്ല് സംഭരണത്തിന് ബദൽ സംവിധാനമില്ലാത്തതിനാൽ ആവശ്യപ്പെടുന്ന കിഴിവ് അംഗീകരിച്ച് നെല്ല് കൈമാറാൻ നിർബന്ധിതരാകും.
ഗോഡൗൺ സൗകര്യം ഏർപ്പെടുത്തും
1. സംഭരണത്തിന് മില്ലുകാർ വിസമ്മതിച്ചാൽ സപ്ളൈകോ നെല്ല് ഏറ്റെടുത്ത് പതിര് വേർതിരിച്ച് ഉണക്കി സഹ.സംഘങ്ങളുടെ ഗോഡൗണുകളിൽ സംഭരിക്കും
2. ഗുണമേന്മ ഉറപ്പാക്കിയശേഷവും നെല്ല് സംഭരിക്കാൻ മില്ലുകാർ തയ്യാറാകാതെ വന്നാൽ എഫ്.സി.ഐ മുഖേനയോ ബദൽ മാർഗങ്ങളിലൂടെയോ നെല്ല് സംസ്കരിക്കും
3. വരുന്ന സീസണിൽ കായൽ നിലങ്ങളേറെയുള്ള ചതുർത്ഥ്യാകരി മേഖലയിലും ചമ്പക്കുളം സഹ.സംഘം പരിധിയിലും നടപ്പാക്കാനാണ് ഉദ്ദേശം
4. രണ്ട് സംഘങ്ങൾക്കുമായുള്ള 2000 ക്വിന്റൽ സംഭരണ ശേഷിയുള്ള ഗോഡൗൺ സൗകര്യം ഉപയോഗപ്പെടുത്തും
5. ആവശ്യമെങ്കിൽ എഫ്.സി.ഐയുടെയോ വെയർ ഹൗസിംഗ് കോർപ്പറേഷന്റെയോ ഗോഡൗണുകൾ കൂടി തരപ്പെടുത്തി പദ്ധതി പ്രാവർത്തികമാക്കും
പ്രതികൂല സാഹചര്യങ്ങളിൽ കർഷകരിൽ നിന്ന് അധിക ചെലവ് ഈടാക്കാതെ നെല്ല് സംഭരിച്ച് മില്ലുകാരുടെ ചൂഷണത്തിൽ നിന്നും രക്ഷിക്കാനാണ് പദ്ധതിയെങ്കിൽ അത് സ്വാഗതാർഹമാണ്. മതിയായ ഗോഡൗൺ സംവിധാനം കുട്ടനാട്ടിലില്ലാത്തത് ആശങ്കയുളവാക്കുന്നതാണ്
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷകൻ
പദ്ധതിയ്ക്കായി രണ്ട് പ്രദേശങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നതല്ലാതെ വിശദാംശങ്ങൾ വ്യക്തമായിട്ടില്ല
- ജില്ലാ കൃഷി ഓഫീസർ, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |