
പാർട്ടിയിൽ നിന്ന് പുറത്താക്കാനും സാദ്ധ്യത
മാന്നാർ: സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ രണ്ട് സി.പി.എം വനിതാഅംഗങ്ങൾ ബി.ജെ.പിക്ക് വോട്ടു ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തെത്തുടർന്ന് മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ് രാജിവച്ചു. മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തിലെ സി.പി.എം - ബി.ജെ.പി കൂട്ടുകെട്ട് ചർച്ച ചെയ്യപ്പെട്ടതോടെയാണ് കൂടുതൽ വിവാദങ്ങൾക്കിട നൽകാതെ പ്രസിഡന്റ് രാജി വയ്ക്കണമെന്നന നിലപാടിലേക്ക് പാർട്ടി നേതൃത്വം എത്തിയത്. ഇന്നലെ രാവിലെ ജില്ലാ കമ്മിറ്റി കൂടി വിഷയം അടിയന്തിരമായി ചർച്ച ചെയ്യുകയും വൈകിട്ട് മാന്നാർ ഏരിയ കമ്മറ്റി കൂടി പ്രസാദിനോട് വിശദീകരണം തേടുകയുമുണ്ടായി. ഏരിയ കമ്മിറ്റി സെക്രട്ടറിക്ക് പ്രസാദ് രാജിക്കത്ത് കൈമാറിയതായിട്ടാണ് സൂചന.
സി.പി.എം 8, യു.ഡി.ഫ് 6, ബി.ജെ.പി 5 എന്നിങ്ങനെയാണ് മാന്നാർ ഗ്രാമ പഞ്ചായത്തിലെ കക്ഷി നില. ബുധനാഴ്ച നടന്നസ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വനിതാ സംവരണ സീറ്റുകൾക്കായി നാല് സമിതികളിലേക്കും മൂന്ന് മുന്നണികളും നോമിനേഷൻ നൽകി. ധനകാര്യ സമിതിയിലേക്ക് ബി.ജെ.പിയിലെ പ്രീത ആർ.നായർ, ആരോഗ്യ - വിദ്യാഭ്യാസ സമിതിയിലേക്ക് ബി.ജെ.പിയിലെ സേതു ലക്ഷ്മി, വികസനകാര്യ സമിതിയിലേക്ക് സി.പി.എമ്മിലെ കെ.മായ, ക്ഷേമകാര്യ സമിതിയിലേക്ക് സി.പി.എമ്മിലെ ശോഭന സന്തോഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ സമിതിയിലേക്ക് മത്സരിച്ച ബി.ജെ.പിയിലെ സേതുലക്ഷ്മിക്ക് സി.പി.എം വനിതാ അംഗങ്ങളായ ജി.സുശീലകുമാരി, കെ.മായ എന്നിവർ വോട്ട് നൽകിയതാണ് വിവാദമായത്.
ജനറൽ വിഭാഗത്തിൽ സമയപരിധിക്കുള്ളിൽ സി.പി.എം നോമിനേഷൻ നൽകാതെ പോയതും പാർട്ടിക്ക് തിരിച്ചടിയായി. പ്രസിഡന്റിന്റെ അറിവോടെയാണ് അംഗങ്ങൾ വോട്ട് നൽകിയതെന്ന വിലയിരുത്തലിലാണ് പാർട്ടി നടപടികളിലേക്ക് നീങ്ങുന്നത്. പാർട്ടിയാൽ നിന്ന് പുറത്താക്കുമെന്ന സൂചനയുമുണ്ട്. മേൽ ഘടകത്തിന്റെ അംഗീകാരം ലഭിക്കേണ്ടതിനാൽ ഇന്നോടെയേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.
കഴിഞ്ഞ ദിവസം പൂർത്തിയാകാതെ പോയ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ബാക്കി വന്ന ഒഴിവുകളിലേക്ക് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നു. വികസന സമിതിയിലേക്ക് സി.പി.എമ്മിലെ ടൈറ്റസ് കുര്യനും ക്ഷേമകാര്യ സമിതിയിലേക്ക് യു.ഡി.എഫിലെ ശ്യാമളവല്ലിയും സി.പി.എമ്മിലെ പുഷ്പ സുനിലും ധനകാര്യ സമിതിയിലേക്ക് സി.പി.എമ്മിലെ വി.ജയയും സി.പി.എമ്മിലെ സുശീലകുമാരിയും ലേഖന കുമാരിയും തിരഞ്ഞെടുക്കപ്പെട്ടു. സ്ഥിരം സമിതി അദ്ധ്യക്ഷരെ തിങ്കളാഴ്ച തിരഞ്ഞെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |