തിരുവനന്തപുരം: നഗരത്തിൽ പൈപ്പ് ലൈനുകൾ വഴി വെള്ളമെത്തിക്കുന്നതിന് പുറമെ ആവശ്യക്കാർക്ക് വെള്ളം ടാങ്കറിലെത്തിക്കുന്നതിന് രൂപം നൽകിയ 'സുജലം സുലഭം" പദ്ധതി,കാര്യക്ഷമമാക്കുന്നതിലും വാട്ടർ അതോറിട്ടിക്ക് വിമുഖത.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്മാർട്ട് ട്രിവാൻഡ്രം ആപ്പ് വഴി ഓൺലൈനായി ബുക്ക് ചെയ്താൽ വെള്ളമെത്തിക്കുന്ന സംവിധാനമാണിത്.
2020ലാണ് കോർപ്പറേഷനും വാട്ടർ അതോറിട്ടിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കിയത്. ജലദൗർലഭ്യം രൂക്ഷമാവുന്ന ദിവസങ്ങളിൽ കുടിവെള്ളം ബുക്കിംഗ് ആപ്പ് വഴി ലഭിക്കും.110 ടാങ്കർ വാഹനങ്ങളാണ് വെള്ളമെത്തിക്കാൻ രജിസ്റ്റർ സർവീസ് നടത്തുന്നത്.എന്നാൽ ഇവയ്ക്ക് വെള്ളം ആവശ്യാനുസരണം നിറയ്ക്കാനുള്ള സംവിധാനം വാട്ടർ അതോറിട്ടി സജ്ജമാക്കുന്നില്ലെന്നാണ് പ്രധാന വിമർശം. നഗരത്തിൽ ഒന്നിലധികം വെള്ളം നിറയ്ക്കാനുള്ള പോയിന്റുകളുണ്ടെങ്കിലും,ഇവിടെ കൂടുതൽ സൗകര്യം ഒരുക്കാനോ ക്യൂ ഒഴിവാക്കി വെള്ളം ആവശ്യാനുസരണം വിതരണം ചെയ്യാനുള്ള സൗകര്യമോ വാട്ടർ അതോറിട്ടി ഒരുക്കുന്നില്ല.
നഗരത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ റസിഡന്റ്സ് അസോസിയേഷനുകൾ,വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ,ഹോട്ടലുകൾ തുടങ്ങിയവയെല്ലാം സുജലം സുലഭം പദ്ധതിയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നുണ്ട് . കുടിവെള്ളം രൂക്ഷമാകുന്ന ദിവസങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് വെള്ളം ശേഖരിക്കാനുണ്ടാകുന്നത്. ഇത് യഥാസമയം വെള്ളമെത്തിക്കുന്നതിന് തടസമാകുന്നുണ്ട്. ജലക്ഷാമം രൂക്ഷമായതിനാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വാഹനങ്ങൾ വെള്ളത്തിനായി ഏറെനേരം കാത്തുകിടക്കേണ്ടിവന്നു. നഗരത്തിലെ ജലവിതരണ പൈപ്പുകളുമായി ബന്ധപ്പെട്ട തടസങ്ങളാണ് പല മേഖലയിലും വെള്ളം എത്താത്തതിന് തടസമാകുന്നത്.അതിന് പരിഹാരമായാണ് സുജലം സുലഭം പദ്ധതിയിലൂടെ സമാന്തരമായി വെള്ളം ടാങ്കറുകളിൽ എത്തിക്കാവുന്ന പദ്ധതിക്ക് രൂപം നൽകിയത്.നഗരത്തിലെ ബദൽ ജലഗതാഗത സംവിധാനം എന്ന നിലയിൽ സുജലം സുലഭത്തിന് വേണ്ട പിന്തുണ ജലവിഭവ വകുപ്പ് നൽകണമെന്നാവശ്യവും ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |