
സംഭവം 2024ൽ
കൊച്ചി: യൂറോപ്പിലേക്ക് ജോലിയടക്കം ഫാമിലി വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയെടുത്ത ഒരു കോടി രൂപ തിരികെ ആവശ്യപ്പെട്ട ദമ്പതികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. തിരുവനന്തപുരം പള്ളിക്കൽ സ്വദേശികളായ ദമ്പതികളെയാണ് തോക്കിൻമുനയിൽ നിറുത്തി ഭീഷണിപ്പെടുത്തിയത്. ഇവരുടെ പരാതിയിൽ പറവൂർ സ്വദേശികളായ യുവാവിനെയും പിതാവിനെയും പ്രതിചേർത്ത് കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി കൊച്ചി സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. 2024 നവംബറിലാണ് പരാതിക്കാസ്പദമായ സംഭവം.
2024 ആദ്യം മകന്റെ ജോലി ആവശ്യത്തിനായി ഒരു കോടി രൂപ പറവൂർ സ്വദേശിയായ യുവാവിന് കൈമാറിയിരുന്നു. എന്നാൽ ജോലി ശരിയായില്ല. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ജൂലൈയിൽ യുവാവിന്റെ വീട്ടിലെത്തിയ ദമ്പതികളിൽ യുവതിയെ രണ്ടാം പ്രതിയായ യുവാവിന്റെ പിതാവ് ലൈംഗികച്ചുവയോടെ ആക്ഷേപിച്ചു. രണ്ട് മാസം കഴിഞ്ഞ് പണം ആവശ്യപ്പെട്ട് വീണ്ടും എത്തിയപ്പോഴാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇതോടെ ഭീതിയോടെ മടങ്ങിയ ദമ്പതികളെ പണം തരാമെന്ന് വിശ്വസിപ്പിച്ച് നവംബറിൽ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി.
കൊച്ചിയിലെ ആഡംബര ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി ദമ്പതികളോട് തുച്ഛമായ പണം കൈപ്പറ്റി ഇടപാട് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ കൊന്നുകളയുമെന്നും പ്രതികൾ വീണ്ടും ഭീഷണിപ്പെടുത്തി. പണം തിരികെ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പരാതി നൽകിയതെന്നാണ് വിവരം. സംഭവദിവസം ദമ്പതികൾ കൊച്ചിയിൽ എത്തിയിരുന്നോ, യുവാവുമായി ഫോണിൽ സംസാരിച്ചിരുന്നോ, പണം കൈമാറിയ രേഖകൾ തുടങ്ങിയ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. തെളിവുകൾ ശേഖരിച്ച ശേഷമാകും അറസ്റ്റ്.
അതേസമയം, പണം കൈക്കലാക്കി വഞ്ചിച്ചെന്ന് കാട്ടി തിരുവനന്തപുരം മണ്ണന്തല പൊലീസിന് ദമ്പതികൾ നൽകിയ പരാതിയിൽ പിതാവിനും മകനുമെതിരെ മറ്റൊരു കേസുമുണ്ട്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്. യൂറോപ്പിലെ ജോലിക്കായി ഒരു കോടി രൂപ നൽകിയെന്നത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. തിമിംഗലഛർദി കൈവശം വച്ചതടക്കമുള്ള കേസുകളിൽ പ്രതിയാണ് യുവാവ്. ഇത്തരം ഇടപാടുകളുടെ തുടർച്ചയാണോ പരാതിയെന്നതും അന്വേഷണപരിധിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |