കോഴിക്കോട്: 'വർത്താനം പറഞ്ഞിരിക്കുമ്പോഴാണ് സ്ലാബിന്റെ സീലിംഗ് തരിതരിയായി മേലേക്ക് വീണത്. മോളിലേക്ക് നോക്കിയപ്പോൾ വീഴാൻ നിക്കുകയായിരുന്നു, അപ്പോ തന്നെ ഇറങ്ങി ഓടി. ഒപ്പമുണ്ടായിരുന്നവർ കൂടെ ഓടുമെന്ന് കരുതി. തിരിഞ്ഞു നോക്കിയപ്പോൾ കൂടെയുണ്ടായവർ സ്ളാബിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു, എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പതറിപ്പോയി ''വലിയങ്ങാടിയിലെ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട തൊഴിലാളി അബ്ദുറഹിമാൻ വിറയലോടെ പറഞ്ഞു. കണ്ണുകളിൽ ഭീതി മാറിയിട്ടില്ല. ശബ്ദം മുറിഞ്ഞു. അപകടത്തിന്റെ നടുക്കത്തിൽ നിന്ന് സംസാരിക്കുമ്പോൾ അബ്ദറഹിമാൻ മുക്തനായിരുന്നില്ല.
അപകടത്തിൽപ്പെട്ട അഞ്ചുപേരുടെ കൂടെ തകർന്ന കെട്ടിടത്തിന്റെ താഴെ വിശ്രമിക്കുകയായിരുന്നു പൊയിൽക്കാവ് സ്വദേശിയും വലിയങ്ങാടിയിലെ തൊഴിലാളിയുമായ അബ്ദുറഹിമാൻ. അബ്ദുറഹിമാൻ ഉൾപ്പെടെ ഏഴ് പേരായിരുന്നു ഗാമ എന്റർപ്രൈസസിലുണ്ടായിരുന്നത്. ഇവരെല്ലാം ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴായിരുന്നു അപകടം. 'സാധാരണ പണിക്കിടയിൽ നല്ല തണുപ്പുള്ള സ്ഥലമായതിനാൽ എല്ലാരും ഇവിടെയാണ് വിശ്രമിക്കാറുള്ളത്. വർത്താനം പറഞ്ഞിരിക്കുന്നതിനിടെ പെട്ടെന്ന് സീലിംഗ് പൊടിഞ്ഞ് താഴേക്ക് വീണു. എല്ലാവരും എണീറ്റ് ഓടി. നോക്കിയപ്പോൾ കാലിൽ സ്ളാബ് വീണ നിലയിൽ കോയ എന്നെ വിളിച്ചു കൊണ്ടിരുന്നു. മറ്റുള്ള നാലാളും സ്ളാബിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അവിടെയൊരു തൂണിൽ ചാരിയാണ് കോയ ഇരുന്നത്. അവന്റെ കാലിലേക്കാണ് സ്ലാബ് വീണത്.പിന്നെ എല്ലാരും കൂടെ ഓടിയെത്തി. അവരെ രക്ഷപ്പെടുത്തുകയായിരുന്നു''.
'കെട്ടിടം പൊളിഞ്ഞ് വീഴുമെന്ന് കരുതിയില്ല'
ശബ്ദം കേട്ട് ഓടി വന്നതാണ് ഞാൻ. നോക്കുമ്പോൾ എല്ലാരും ചോരയിൽ കുളിച്ച് കിടക്കുന്നു. പെട്ടെന്ന് ഫയർഫോഴ്സിനൊപ്പം ഞങ്ങൾ നാട്ടുകാരും ചേർന്ന് എല്ലാരേം പുറത്തെടുത്തു.... വലിയങ്ങാടിയിലെ തൊഴിലാളിയായ സക്കറിയ പറഞ്ഞു. സാധാരണ എല്ലാരും വന്ന് ഇരിക്കുന്ന സ്ഥലമാണ്. പെട്ടെന്ന് ഇത് പൊളിഞ്ഞ് വീഴുമെന്ന് കരുതിയില്ല. മാത്രമല്ല, കെട്ടിടത്തിന് നല്ല പഴക്കവുമുണ്ട്. കടൽക്കാറ്രേറ്ര് കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിയുകയും ചെയ്തിട്ടുണ്ട്. കോർപ്പറേഷൻ പൊളിക്കാനിട്ടിരുന്ന കെട്ടിടമാണെന്ന് കേൾക്കുന്നു. പിന്നെയെങ്ങനെ കെട്ടിടം അവിടെ പ്രവർത്തിച്ചു എന്ന് അറിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |