
കൊച്ചി: ദുബായ് മിനിസ്ട്രി ഒഫ് ഹെൽത്തിന് കീഴിലെ ഡി.എച്ച്.എ പരീക്ഷയ്ക്കായി രജിസ്ട്രേഷൻ എടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് ദന്തഡോക്ടറിൽ നിന്ന് പണം തട്ടിയതായി പരാതി. എറണാകുളം വെണ്ണലയിലെ 58കാരനായ ഡോക്ടറുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. ദുബായിൽ താമസിക്കുന്ന 50കാരിക്കും മകനുമെതിരെയാണ് കേസ്. 6.62 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
കൊച്ചിയിലെ പ്രമുഖ ദന്താശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർ, പരസ്യത്തിലെ നമ്പർ കണ്ട് വിളിക്കുകയായിരുന്നു. ഫോണെടുത്ത വീട്ടമ്മ, സഹായത്തിനായി 50കാരിയുടെ നമ്പർ കൈമാറി. ഡി.എച്ച്.എ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷനും ദുബായിൽ ജോലി അന്വേഷണത്തിനായുള്ള പരസ്യത്തിനുമടക്കം 6.62 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 50കാരിയുടെയും മകന്റെയും വാക്കുവിശ്വസിച്ച് ഓൺലൈനായി പണം കൈമാറി.
ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ഉണ്ടാകാത്തതിൽ സംശയം തോന്നിയ ഡോക്ടർ, ദുബായിലുള്ള സുഹൃത്ത് വഴി അന്വേഷിച്ചപ്പോഴാണ് ഡി.എച്ച്.എ പരീക്ഷയുടെ രജിസ്ട്രേഷന് ഒരു ലക്ഷം രൂപയിൽ താഴെ മാത്രമേ ഫീസുള്ളൂവെന്ന് തിരിച്ചറിഞ്ഞത്.
പിന്നീട് 50കാരിയെയും മകനെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണുകൾ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് ഡോക്ടർ സൈബർ പൊലീസിനെ സമീപിച്ചു. സൈബർ പൊലീസിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം ഡോക്ടർ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.
വഞ്ചന, സംഘം ചേർന്ന് കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളുടെ ഫോൺ നമ്പറുകൾ ഡോക്ടർ പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. പണം കൈമാറിയ അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണമാകും ആദ്യം നടക്കുക.
പ്രതികൾ ദുബായിൽ തന്നെയാണോ ഉള്ളതെന്നും പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |