
ആലപ്പുഴ : ദുരന്തമുഖത്ത് നിന്നുള്ള ഫോട്ടോയും വീഡിയോയും പരിശോധിച്ച് ജീവന്റെ തുടിപ്പ് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് നിർമ്മിത ബുദ്ധിയുടെ (എ.ഐ) സഹായത്തോടെ കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ച് എൻ.ഐ.ടി കാലിക്കറ്റിന്റെ നേതൃത്വത്തിലുള്ള സംഘം.
വെള്ളപ്പൊക്ക സാദ്ധ്യതകളും നാശനഷ്ട കണക്കുകളും പ്രവചിക്കാനായി നിർമ്മിത ബുദ്ധിയെ ഉപയോഗപ്പെടുത്താമെന്ന് പഠനം നടത്തിയ സംഘമാണ് രണ്ടാംഘട്ടമായി ദുരന്തത്തിലകപ്പെട്ടവരെ കണ്ടെത്താനുള്ള സാദ്ധ്യതകളും വികസിപ്പിച്ചത്. പ്രളയബാധിത പ്രദേശത്തോ മണ്ണിടിച്ചിലുണ്ടായിടത്തോ നിന്ന് ഡ്രോൺ വഴികിട്ടുന്ന ആയിരക്കണക്കിന് ഇമേജുകൾ സെക്കൻഡുകൾക്കുള്ളിൽ പരിശോധിച്ച് എവിടെയാണ് ആളുകൾ കുടുങ്ങി കിടക്കുന്നതെന്നും രക്ഷാപ്രവത്തകർ ഏതു പ്രദശത്തേക്കാണ് പോകേണ്ടതെന്നും എത്രപേര് ആവശ്യമുണ്ടെന്നും നിർദ്ദേശം നൽകാൻ സാധിക്കുന്നതാണ് സംവിധാനം.
ഡാം ക്യാച്ച്മെന്റ് ഏരിയകളിൽ മഴയുടെ തോതനുസരിച്ചു വെള്ളംപൊങ്ങുന്ന അളവും എപ്പോൾ ഡാം നിറയുമെന്നും എപ്പോൾ വെള്ളം തുറന്നുവിട്ടു ജനങ്ങളെ രക്ഷിക്കണമെന്നുമള്ള നിർദ്ദേശങ്ങൾ നൽകാൻ ഒരുക്യാമറയിൽ കിട്ടുന്ന ഇമേജുകളുടെ പരിശോധനയിലൂടെ സാധിക്കും.
മഴസമയത്ത് മലകളിലുണ്ടാകുന്ന വിള്ളലുകൾ ക്യാമറയുടെ സഹായത്തോടെ നേരത്തെ അറിയാനും അടിവാരത്ത് മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ ഉണ്ടാകുന്നതിനു മണിക്കൂറുകൾ മുമ്പ് മുന്നറിയിപ്പു നൽകാനും സാധിക്കും. എൻ.ഐ.ടി കാലിക്കറ്റും, ഗവ എൻജിനീയറിംഗ് കോളേജ് കോട്ടയവും കേന്ദ്ര-സംസ്ഥാന റിസർച്ച് ഫണ്ടിന്റെ സഹായത്തോടെയാണ് സംവിധാനം വികസിപ്പിച്ചത്. www.vishwabuild.ai എന്ന സൈറ്റ് വഴിയാണ് പ്രവർത്തനം. യു.എസിൽ ജോലി ചെയ്യുന്ന കൊട്ടാരക്കര സ്വദേശി ഡോ.സുജിത്ത് മംഗലത്ത്, കാലിക്കറ്റ് എൻ.ഐ.ടി അദ്ധ്യാപകൻ പ്രൊഫ.റോബിൻ ഡേവിസ്, കോട്ടയം ഗവ എൻജിനീയറിംഗ് കോളേജ് അദ്ധ്യാപിക ഡോ.എ.അനീഷ എന്നിവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.
സൈറ്റിൽ പടമിട്ടാൽ ഉടനെത്തും സന്ദേശം
വെള്ളപ്പൊക്ക ബാധിത പ്രദേശത്തിന്റെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ സൈറ്റിൽ അപ്‌ലോഡ് ചെയ്യുക
എ.ഐ ലേണിംഗ് ആൽഗോരിതം ദൃശ്യങ്ങൾ വിശകലനംചെയ്ത്, അപകടത്തിലായവരെ കണ്ടെത്തുകയും ജി.പി.എസ് സ്ഥാനംതിരിച്ചറിയുകയും ചെയ്യും
ലൊക്കേഷൻ വിവരങ്ങൾ സന്ദേശമായി രക്ഷാപ്രവർത്തകർക്ക് കൈമാറുന്നു
ഹാം റേഡിയോ വഴി അലർട്ടുകൾ പ്രക്ഷേപണം ചെയ്യും
നെറ്റ്‌വർക്ക് തകരാറിലായാൽ ഉപഗ്രഹങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറും
രക്ഷാസംഘങ്ങൾ ഉപയോഗിക്കുന്ന വാക്കി-ടോക്കികൾക്കായി എഫ്.എം സിഗ്നലുകളാക്കി മാറ്റും
വളരെ കഷ്ടപ്പട്ട് മനുഷ്യർചെയ്യുന്ന കാര്യങ്ങൾ, നിമിഷനേരം കൊണ്ട് എ.ഐ സംവിധാനത്തിനു കാര്യക്ഷമമായി ചെയ്യാൻ സാധിക്കും. ലഭിക്കുന്നത് എത്ര ചെറിയ ഇമേജാണെങ്കിൽ പോലും അതിൽ ജീവന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്
- ഡോ.സുജിത്ത് മംഗലത്ത്, ഗവേഷകൻ, യു.എസ്.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |