10 വർഷത്തിനിടെ നൽകിയത് 43613 പട്ടയങ്ങൾ
ഇടുക്കി: ചെറുതോണിയിൽ നടന്ന ജില്ലാതല പട്ടയമേളയിൽ 2077 പട്ടയങ്ങൾ വിതരണം ചെയ്തു. 1993 ലെ ഭൂമി പതിവ് ചട്ടങ്ങൾ (ജെ.വി)- 42, 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ- 15, മിച്ചഭൂമി പട്ടയം- 238, എൽടി ക്രയസർട്ടിഫിക്കറ്റ്- 20, വനാവകാശരേഖ- 25, 1993ലെ ഭൂമി പതിവ് ചട്ടങ്ങൾ (സി.എച്ച്.ആർ)- 737, 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ- 1000 എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. 2016 മുതൽ നാളിതുവരെ 13 പട്ടയമേളകളിലായി 43613 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്തിട്ടുണ്ട്. കോടതി ഉത്തരവുകൾ മൂലം തടസപ്പെട്ട് കിടന്ന 3000 അപേക്ഷകളിൽ ഉത്തരവായിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഭൂമി പതിവ് ഓഫീസുകൾ മുഖേന സമയബന്ധിതമായി പട്ടയങ്ങൾ വിതരണം ചെയ്യും.
ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയിൽ പട്ടയ വിതരണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. നാളുകളായി പട്ടയം ലഭിക്കാതെയിരുന്ന ചിന്നക്കനാൽ വില്ലേജിലെ മുത്തമ്മ ഉന്നതിയിലെ 238 കുടുംബങ്ങൾക്ക് ഈ മേളയിൽ പട്ടയം വിതരണം ചെയ്യുകയാണ്. ചെറുതോണി ഗാന്ധിനഗർ ഉന്നതിയിലെ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിന് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കട്ടപ്പന ടൗൺഷിപ്പിലെ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്ന വിഷയത്തിൽ ഫീൽഡ് സർവ്വേ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. കാലങ്ങളായി പട്ടയവിഷയത്തിൽ തീരുമാനമാകാതെ കിടന്ന ചെങ്കുളം ഡാം പദ്ധതി പ്രദേശം, കല്ലാർകുട്ടി ഡാം, ഏഴ് ചെയിൻ എന്നീ പദ്ധതി പ്രദേശങ്ങളിലെ പട്ടയ വിഷയം സർക്കാർ പരിഗണനയിലാണ്. കാഞ്ചിയാർ തേക്ക് പ്ലാന്റേഷൻ, കാഞ്ചിയാർ പാറപുറംപോക്ക്, കുണ്ടള സാന്തോസ് ഉന്നതി എന്നിവിടങ്ങളിൽ സർവേ നടപടികൾ പൂർത്തീകരിച്ച് പട്ടയം അനുവദിക്കുന്നതും സർക്കാർ പരിഗണനയിലാണ്. ചിന്നക്കനാൽ വില്ലേജിൽ തടസപ്പെട്ട് കിടന്ന ഭൂമി പതിവ് നടപടികൾ പുനരാരംഭിച്ചു. ആദ്യഘട്ടമായി വീട് വച്ച് താമസിച്ചുവരുന്ന കൈവശക്കാർക്ക് മുൻഗണന നൽകുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പൊൻമുടി ഡാമിന്റെ 10 ചെയിന് പുറത്തുള്ള കൈവശക്കാരുടെ ഭൂമി സർവ്വേ പൂർത്തീകരിച്ചു രേഖകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണിയിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ എം.എം. മണി, അഡ്വ. എ. രാജ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, സബ് കളക്ടർ അനൂപ് ഗാർഗ്, എ.ഡി.എം ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ടി.ഇ. നൗഷാദ്, സിജി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |