
കോന്നി: ആലപ്പുഴ അനന്തനാരായണപുരം ക്ഷേത്രത്തിലെ 102 വർഷം പഴക്കമുള്ള കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാനുള്ള തേക്കുമരം കോന്നി കുമ്മണ്ണൂർ വനത്തിൽ നിന്നെത്തിച്ചു. 65 അടി ഉയരവും 60 വർഷം പഴക്കവുമുള്ള തേക്കാണ് ഇതിനായി കണ്ടെത്തിയത്. കോന്നി ഫോറസ്റ്റ് റേഞ്ചിൽ കുമ്മണ്ണൂർ വനത്തിലെ തേക്ക് കഴിഞ്ഞ ദിവസം പുലർച്ചെ ക്ഷേത്രം തന്ത്രി ദിനേശ് ഭട്ടിന്റെയും ക്ഷേത്രാചാര്യർ നരസിംഹാചാരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾക്കുശേഷം മുറിച്ച് കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷന് സമീപമെത്തിച്ചു. ഇവിടെ നിന്ന് ലോറിയിൽ കയറ്റി രാത്രി എട്ടോടെ പുറപ്പെട്ട് കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി വഴി ആലപ്പുഴ ക്ഷേത്രത്തിന് സമീപമെത്തിച്ചു. ഇന്നലെ ക്ഷേത്രത്തിൽ നടന്ന ഉഷപൂജയ്ക്ക് ശേഷം ക്ഷേത്രത്തിനകത്ത് വടക്ക് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ പണിപ്പുരയിലെത്തിച്ചു.
തടിയുടെ ഈർപ്പം വലിയാൻ ഒരാഴ്ച സമയം നൽകിയ ശേഷം തൊലി ഇളക്കി മഞ്ഞൾ ലേപനം ചെയ്യും. ഒരാഴ്ചയ്ക്കുശേഷം കൊടിമരം സ്ഥാപിക്കാനാണ് ദേവസ്വം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികളായ രാജകുമാർ എസ്.കമ്മത്ത്(പ്രസിഡന്റ്), രമേശ് ഷേണായ്(വൈസ് പ്രസിഡന്റ്), ബിജു ഡി.ഷേണായ്, ശ്രീകാന്ത് വി.മല്ലൻ, സഞ്ജയ് ഭട്ട്, പ്രേം കുമാർ കിണി, മനോജ് പൈ, ഹരിറാം, സോമനാഥ പ്രഭു (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |