
കുട്ടനാട് : കഴിഞ്ഞ പുഞ്ചകൃഷിക്ക് സംഭരിച്ച നെല്ലിന്റെ വില ഇനിയും ലഭിക്കാത്തതിനെത്തുടർന്ന് കർഷകനും കുടുംബവും സപ്ലൈകോ ഓഫീസിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൈനകരി കിഴക്ക് വാഴച്ചിറ വി.ആർ.ഉത്തമനാണ് ഭാര്യ സുനിതകുമാരിക്കും പേരക്കുട്ടി ആൽബിക്കുമൊപ്പം പ്രതിഷേധിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് ഉത്തമന്റെ 98 ക്വിന്റൽ നെല്ല് സംഭരിച്ചത്. മൂന്ന് ലക്ഷം രൂപയോളം ഇതിന്റെ വിലയായി ലഭിക്കാനുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കുടുംബത്തോടൊപ്പം സപ്ളൈകോ ഓഫീസിലെത്തിയ ഉത്തമൻ പണത്തെപ്പറ്റി പാഡി മാർക്കറ്റിംഗ് ഓഫീസറുമായി സംസാരിച്ചെങ്കിലും പരിഹാരമാകാതെ വന്നതോടെയാണ് ഓഫീസിൽ കുത്തിയിരിക്കാൻ തീരുമാനിച്ചത്. വൈകിട്ട് വരെ കുത്തിയിരിക്കാനായിരുന്നു തീരുമാനമെങ്കിലും പേരക്കുട്ടി കരഞ്ഞതോടെ ഉച്ചയ്ക്ക് രണ്ടോടെ പ്രതിഷേധം അവസാനിപ്പിച്ചു. തുക ലഭിച്ചില്ലെങ്കിൽ വരുംദിവസങ്ങളിലും പ്രതിഷേധവുമായെത്തും.
സ്വന്തം ചെലവിൽ നെല്ല് എത്തിച്ചു നൽകി
പുളിങ്കുന്ന് കൃഷിഭവന് കീഴിലെ വടക്കേ മതികായൽ പാടശേഖരത്ത് ഉത്തമന് സ്വന്തമായുള്ള നാലേക്കറിൽ നിന്നു ലഭിച്ച വിളവ് കഴിഞ്ഞ ഏപ്രിൽ 5നാണ് എം.പി മോഡേൺ മിൽസും സപ്ളൈകോ അധികൃതരും ചേർന്ന് സംഭരിച്ചത്. നെല്ലിന്റെ കിഴിവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ പാടശേഖരത്ത് നിലനിന്നിരുന്നതിനാൽ മറ്റുകർഷകരുടെ നെല്ല് സംഭരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഉത്തമന്റെ നെല്ലെടുക്കാൻ മില്ലുകാർ തയ്യാറായിരുന്നില്ല. തുടർന്ന് ഉത്തമൻ സ്വന്തം ചിലവിൽ വള്ളവും മറ്റും സംഘടിപ്പിച്ച് നെല്ല് മുഴുവൻ നെടുമുടി കടവിലെത്തിച്ചശേഷം മില്ലിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു. എന്നിട്ടും കൃത്യമായി പി. ആർ. എസ് എഴുതി നല്കുവാനോ സമയത്ത് പണം ലഭിക്കുമെന്ന് ഉറപ്പുവരുത്താനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് ഉത്തമൻ ആരോപിച്ചു.
പിന്നീട് നിരന്തരം പാഡി മാർക്കറ്റിംഗ് ഓഫീസറെ കാണുകയും വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. ഒടുവിൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ചൊവാഴ്ച പി.എം.ഒ വിളിച്ച് സംസാരിച്ചെങ്കിലും ഒരു പരിഹാരവുമുണ്ടായില്ല
- ഉത്തമൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |