
ആലപ്പുഴ : ആയുസ് തീർന്ന ജില്ലാ ആയുർവേദ ആശുപത്രി കെട്ടിടം വൈകാതെ പൊളിക്കും. ഇതിനുള്ള ഭരണാനുമതിക്കുള്ള നടപടികൾ പുരോഗമിക്കുന്നു. മൂല്യനിർണയം പൂർത്തിയായി. വൈകാതെ ടെൻഡർ വിളിച്ച് പൊളിക്കൽ ആരംഭിക്കും.ഫെബ്രുവരി അവസാനത്തോടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്താനാകുമെന്നാണ് പ്രതീക്ഷ.
ആറ് കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കുന്ന പുനർനിർമ്മാണത്തിൽ എം.എൽ.എ. ഫണ്ടിലെ ഒരുകോടിക്ക് ഭരണാനുമതിയായി. സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപയ്ക്കായി വിശദ പദ്ധതിരേഖ സമർപ്പിച്ചിട്ടുണ്ട്.. ഇത് കൂടാതെ ജില്ലാ പഞ്ചായത്തിന്റെ രണ്ട് കോടി, ആയുഷിൽനിന്ന് ഒരുകോടി രൂപ എന്നിവ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി. ആശുപത്രിയുടെ പ്രവർത്തനം പഴയ നഗരസഭാ മന്ദിരത്തിലേക്ക് മാറ്റിയെങ്കിലും ഇടിഞ്ഞുവീഴാറായ പഴയകെട്ടിടത്തിൽ തന്നെയാണ് എക്സ് റേ യൂണിറ്റ് ഇപ്പോഴും പ്രവർത്തിക്കുന്നത്.
മേൽക്കൂരയിലെ കോൺക്രീറ്റ് തുടർച്ചയായി ഇളകി വീഴുന്നതും സെപ്റ്റിക്ക് ടാങ്ക് ചോരുന്നതുമടക്കമുള്ള പ്രശ്നങ്ങൾ കാരണം അമ്പത് ബെഡ് സൗകര്യമുണ്ടായിരുന്ന കെട്ടിടത്തിൽ പരമാവധി 30 - 35 രോഗികൾക്കാണ് വർഷങ്ങളായി പ്രവേശനം നൽകിയിരുന്നത്. പുനർനിർമ്മാണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റോടെയാണ് ആശുപത്രിയുടെ പ്രവർത്തനം പഴയ നഗരസഭാ മന്ദിരത്തിലേക്കു മാറ്റിയത്. ഇവിടെ നിലവിൽ ഇരുപതോളം രോഗികൾക്ക് കിടത്തി ചികിത്സയും ലാബ് സേവനവും ലഭ്യമാണ്. എക്സറേ യൂണിറ്റ് പ്രവർത്തിക്കുന്നതിന് നിശ്ചിത മാനദണ്ഡങ്ങളോടെയുള്ള മുറി ലഭ്യമല്ലാത്തതാണ് പ്രശ്നം.
പുതിയ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ്
₹ 6കോടി
ഭരണാനുമതിക്കായി കാത്തിരിപ്പ്
50ലധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും
ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത് പഴയ നഗരസഭ മന്ദിരത്തിൽ
നിലവിൽ പ്രതിദിനം മുന്നൂറോളം പേർ ഒ.പി സേവനം തേടുന്നുണ്ട്
പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ സേവനം തേടുന്നവരുടെ എണ്ണം വർദ്ധിക്കും
പുതിയ കെട്ടിടം നിർമ്മാണത്തിനുള്ള ഭരണാനുമതി ലഭിക്കുന്നതിനുള്ള നപടികൾ പുരോഗമിക്കുന്നു. വൈകാതെ ടെൻഡർ വിളിക്കും
- ജില്ലാ ആയുർവേദ ആശുപത്രി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |