ആലപ്പുഴ: സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലാളിക്ഷാമവും ഹോട്ടൽ മേഖലയുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നതായി ഉടമകൾ. വെളിച്ചെണ്ണ, അരി, ചിക്കൻ, മുട്ട എന്നിവയ്ക്കടക്കം ഉണ്ടായ വിലവർദ്ധനവാണ് മേഖലയെ തളർത്തുന്നത്.
വെളിച്ചെണ്ണ, ചിക്കൻ, അരി, പരിപ്പ് എന്നിവയ്‌ക്കെല്ലാം വിലകൂടി. ഗുണനിലവാരമുള്ള സാധനങ്ങൾ ഉപയോഗിച്ചെങ്കിൽ മാത്രമേ ഹോട്ടലുകളിൽ കച്ചവടം ലഭിക്കുകയുള്ളൂ. ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങുമ്പോൾ ബ്രാൻഡ് അനുസരിച്ച് 380മുതൽ 500 രൂപവരെ വില നൽകണം. മട്ട അരിക്ക് 50-60 രൂപയാണ് കിലോയ്ക്ക് വില. കോഴിയിറച്ചിക്ക് കിലോയ്ക്ക് 175 രൂപയും വിലയുണ്ട്.
മേഖലയിൽ വലിയ മത്സരമുള്ളതിനാൽ ഭക്ഷണത്തിന് വിലകൂട്ടുന്ന കാര്യം ചിന്തിക്കാനാവില്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. വടക്കു കിഴക്കൻ സംസങ്ങഥാനങ്ങളിൽ നിന്നും ബംഗാളിൽ നിന്നുള്ളവരുമാണ് ഇവിടെ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്നവരിലേറെയും.
തൊഴിലാളിക്ഷാമം രൂക്ഷം
1. അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് ഹോട്ടൽ മേഖല ഇപ്പോൾ മുന്നോട്ടുനീങ്ങുന്നത്
2. അസാമിലും ബംഗാളിലും തിരഞ്ഞെടുപ്പ് അടുത്തതോടെ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി
3. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായും ഇവരിൽ പലരും നാട്ടിലേക്ക് പോയി
4. ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും ക്ളീനിംഗ് ജോലികൾക്കും തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്
തൊഴിലാളികൾക്ക് ദിവസക്കൂലി
₹500- 1500
വിലവർദ്ധനയും തൊഴിലാളിക്ഷാമവും മൂലം ഹോട്ടൽ മേഖല വലിയ പ്രതിസന്ധിയിലാണ്. നിവേദനങ്ങൾ നൽകി മനസ് മടുത്ത അവസ്ഥയിലാണ് വ്യാപാരികൾ- ജി. ജയപാൽ, ജനറൽ സെക്രട്ടറി,കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |