SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.37 PM IST

യാഥാർത്ഥ്യത്തിലെത്താതെ മത്സ്യഫെഡിന്റെ റെസ്റ്റോറന്റ്

Increase Font Size Decrease Font Size Print Page

ആലപ്പുഴ : വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി മത്സ്യഫെഡ് പ്രഖ്യാപിച്ച ആലപ്പുഴയിലെ സീഫുഡ് റസ്റ്റോറന്റ് പ്രഖ്യാപനത്തിലൊതുങ്ങുന്നു. വിഴിഞ്ഞം മാതൃകയിൽ കടൽമത്സ്യ വിഭവ പ്രേമികളെ ലക്ഷ്യമിട്ട് നഗരത്തിൽ ആരംഭിക്കാനുദ്ദേശിച്ച പദ്ധതിയാണ് സാമ്പത്തിക പ്രതിസന്ധിയും സാങ്കേതിക നടപടികളിലെ കാലതാമസവും കാരണം വൈകിയത്.

സക്കറിയ ബസാറിനും ബീച്ചിനുമിടയിൽ അരയേക്കറോളം സ്ഥലത്ത് റസ്റ്റോറന്റ് സജ്ജമാക്കാനായിരുന്നു പദ്ധതി. അഴീക്കൽ മുതൽ അരൂർ വരെ നീളുന്ന ആലപ്പുഴ തീരത്തെ കടൽ മീനുകൾക്കൊപ്പം കായൽ മത്സ്യങ്ങളുടെയും വേറിട്ട വിഭവങ്ങൾ റസ്റ്റോറന്റിലൂടെ ലഭ്യമാക്കുകയായിരുന്നു ഉദ്ദേശം.

ടൂറിസം കേന്ദ്രമെന്ന നിലയിൽ സ്വദേശികൾക്കൊപ്പം വിദേശികളെ കൂടി ആകർഷിക്കത്തക്കവിധം നെത്തോലി മുതൽ നെയ്മീൻ വരെ ചെറുതും വലുതുമായ മത്സ്യങ്ങളുടെ കറിയും ഫ്രൈയും മപ്പാസും പീരയുമുൾപ്പെടെ രുചിയുടെ ചാകര തീർക്കാനായിരുന്നു പദ്ധതി. മത്സ്യതൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വൈവിദ്ധ്യവത്ക്കരണത്തിലൂടെ മത്സ്യഫെഡിനെ ലാഭകരമാക്കുകയുമാണ് ലക്ഷ്യം.

കുത്തരി ചോറിനൊപ്പം വരാലും കരിമീനും പൊടിമീനും കൊഞ്ചും കക്കയും കല്ലുമ്മക്കായുമെല്ലാം വിശിഷ്ടവിഭവങ്ങളാകും.

സാമ്പത്തിക പ്രതിസന്ധി, നടപടികളിലെ താമസം

1. പദ്ധതിയ്ക്കായി അര ഏക്കറോളം സ്ഥലം കണ്ടെത്തി വിശദപദ്ധതി റിപ്പോർട്ട് മത്സ്യഫെഡ് ഫിഷറീസ് വകുപ്പിന് സമർപ്പിച്ചെങ്കിലും അനുമതി വൈകുകയാണ്

2. മത്സ്യഫെഡ് കണ്ടെത്തിയ സ്ഥലം വാടകയ്ക്ക് എടുക്കുന്നതിനും റെസ്റ്റോറന്റിനാവശ്യമായ കെട്ടിടവും അടുക്കളയും സജ്ജമാക്കുന്നതിനും ഫണ്ട് ലഭ്യമാക്കേണ്ടതുണ്ട്

3. സർക്കാരിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പുതിയ പദ്ധതികൾക്ക് അനുമതി നൽകുന്നതിന് തടസമായി തുടരുന്നതാണ് അനുമതി വൈകാൻ കാരണം

റെസ്റ്റോറന്റിൽ

 സെൽഫി പോയിന്റ്

 പാഴ്സൽ കൗണ്ടർ

 വിശാലമായ പാർക്കിംഗ്

 ഹട്ടുകൾ

 പൂന്തോട്ടം

 ടോയ്ലറ്റ് ബ്ളോക്ക്

 വിശ്രമകേന്ദ്രം

 സി.സി ടി.വി നിരീക്ഷണം

പദ്ധതിയുടെ ഡി.പി.ആർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അനുമതിയും ഫണ്ടും ലഭ്യമായാലുടൻ ആരംഭിക്കാനാണ് ഉദ്ദേശം

- പ്രോജക്ട് വിഭാഗം, മത്സ്യഫെഡ്

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY