
കുട്ടനാട്: കിടങ്ങറ ഗവ.ഹയർസെക്കൻഡറി സ്ക്കൂളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താനും പുതിയ വിദ്യാർത്ഥികളെ ആകർഷിക്കാനുമായി വാങ്ങിയ മിനിബസിനെ ലേലത്തിൽ വച്ച് അധികൃതർ. സ്ക്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച് നടപ്പാക്കിയ പദ്ധതി പ്രകാരം 2013ൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന, ഇപ്പോഴത്തെ കായംകുളം എം.എൽ.എ പ്രതിഭ ഹരി മുൻകൈയെടുത്താണ് ലക്ഷങ്ങൾ ചെലവിട്ട് മിനിബസ് വാങ്ങിയത്.
ഡീസൽ ചെലവിന് പുറമേ, ഡ്രൈവർ, ആയ എന്നിവരുടെ ശബളവും സ്ക്കൂൾ പി.ടി.എ കണ്ടെത്തണമെന്നതായിരുന്നു നിബന്ധന. ഇതിന്റെ ഭാഗമായി കുട്ടികളിൽ നിന്ന് ചെറിയൊരു തുക ഫീസായി വാങ്ങിയെങ്കിലും ഇത് ഒന്നിനും തികഞ്ഞിരുന്നില്ല.
പി.ടി.എയും സ്‌കൂൾ അദ്ധ്യാപകരും ചേർന്നു 2018വരെ ബസ് സർവ്വീസ് ഒരു വിധം നിലനിർത്തിക്കൊണ്ടുപോയെങ്കിലും പ്രളയം തിരിച്ചടിയായി.
പ്രളയജലത്തിൽ ബസ് മുങ്ങിയ ബസ് തകരാറിലായി. ഇതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. തുടർന്ന് ബസ് ലേലം ചെയ്യാൻ സ്ക്കൂൾ അധികൃതർ ജില്ലാപഞ്ചായത്തിനെ സമീപിക്കുകയായിരുന്നു.
ലക്ഷങ്ങളുടെ നഷ്ടം
ജില്ലാപഞ്ചായത്തിന്റെ അനുമതി ലഭിച്ചതോടെ, നാടിന്റെ നാനാഭാഗത്ത് നിന്നായി
ധാരാളം കുട്ടികൾ വന്നു പഠിക്കുന്ന സ്കൂളിന്റെ ഏക ആശ്രയമായ മിനിബസ് ലേലം ചെയ്യുകയായിരുന്നു. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ബസ് വെറും 84000 രൂപയ്‌ക്കാണ് ലേലത്തിൽ പോയത്. ഈയിനത്തിൽ ജില്ലാപഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടം വന്നത്. എന്തായാലും ജില്ലാപഞ്ചായത്തിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലേലം ചെയ്ത ബസ് സ്ക്കൂൾ വളപ്പിൽ നിന്ന് നീക്കം ചെയ്യും.
പദ്ധതികൾ പ്രഖ്യാപിച്ചാൽ പോര, അത് കാര്യക്ഷമമായി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി അധികൃതർക്ക് ഉണ്ടാവണം. അതില്ലാത്തതാണ് കിടങ്ങറ ഗവ.ഹയർസെക്കൻഡറി സ്ക്കൂളിലെ ബസിന്റെ കാര്യത്തിൽ സംഭവിച്ചത്
- ഒരുരക്ഷകർത്താവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |