
ചേർത്തല: ചേർത്തല തെക്ക് കുറുപ്പംകുളങ്ങരയിൽ വഴിതർക്കത്തിന്റെ പേരിൽ യുവതിക്കും പിഞ്ചുകുഞ്ഞിനും മർദ്ദനം.നടവഴിക്ക് സംരക്ഷണമായി കെട്ടിയ വേലിപൊളിക്കാനെത്തിയ സംഘത്തെ തടയാൻ ശ്രമിച്ചപ്പോഴാണ് സംഘം യുവതിയെയും കുഞ്ഞിനെയും മർദ്ദിച്ചത്. കുറുപ്പംകുളങ്ങര കണ്ണൻകോനാട്ട് വീട്ടിൽ മധുവിന്റെ മകൾ രാധിക(25), മകൾ ചൈതന്യ(3) എന്നിവരെയാണ് പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മധുവിന്റെ വീട്ടിലേക്കുള്ള വഴിയിൽ സാമൂഹ്യ വിരുദ്ധ ശല്യത്തെ തുടർന്ന ഒരുവശത്ത് വേലികെട്ടിയിരുന്നു. ഇതിലുളള തർക്കമാണ് മർദ്ദനത്തിന് കാരണം. കഴിഞ്ഞ ദിവസം വേലിപൊളിക്കാൻ ശ്രമിച്ചെങ്കിലും പൊലീസെത്തി താക്കീത് നൽകിയിരുന്നു. എന്നാൽ, ഇത് മറികടന്ന് വെള്ളിയാഴ്ച രാവിലെ അഞ്ചംഗസംഘമെത്തി വേലിപൊളിച്ചെന്നാണ് പരാതി. തടയാൻ ശ്രമിച്ച രാധികയെ തള്ളി താഴെ ഇടുകയും കൈയിലുണ്ടായിരുന്ന കുഞ്ഞ് താഴെ വീണ് പരിക്കേൽക്കുകയും ചെയ്തു. രാധികയുടെ തലയ്ക്ക് പരിക്കുണ്ട്. അർത്തുങ്കൽ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും ചൈൽഡ് ലൈനിലും പരാതി നൽകി. അർത്തുങ്കൽ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |