ആലപ്പുഴ: ലഹരി കടത്ത് കേസിൽ ആരോപണ വിധേയനായ ആലപ്പുഴ നഗരസഭ കൗൺസിലർ ഷാനവാസിന്റെ രാജിയും സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പകർത്തിയ സി.പി.എം ഏരിയ കമ്മിറ്റിയംഗം എ.പി.സോണയ്ക്കെതിരെ നിയമനടപടിയും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരിൽ ചിലർക്ക് നേരിയ പരിക്കേറ്റു.
വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ പഴയ ഡി.സി.സി ഓഫീസായ നെഹ്രുഭവനു മുന്നിൽ സംഘടിച്ച് രാവിലെ 11.45നാണ് എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിൽ സൗത്ത് സി.ഐ എസ്.അരുൺകാറും സംഘവും ബാരിക്കേഡ് വച്ച് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് വാക്കേറ്റവും ഉന്തും തള്ളുമായി. മുതിർന്ന നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം.ലിജു മാർച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം എഴുന്നേറ്റ പ്രവർത്തകരിൽ ചിലർ ബാരിക്കേഡിൽ പിടിച്ചുലച്ചു. സംഘർഷം വീണ്ടും രൂക്ഷമായതോടെ പൊലീസ് 20 മിനിറ്റ് ജലപീരങ്കി പ്രയോഗിച്ചു. ടാങ്കിലെ വെള്ളം തീർന്നതോടെ പ്രവർത്തകർ പൊലീസിനു നേരെ വീണ്ടും പാഞ്ഞടുത്തു. ഇതിനിടെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 50 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടിജിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അരിത ബാബു, മിനു സജീവ്, ബിനു ചുള്ളിയിൽ, എം.പി.പ്രവീൺ, മുഹമ്മദ് അസ്ലം, സജു ഷെരീഫ് തുടങ്ങിവർ സംസാരിച്ചു.
# ലഹരികടത്ത് അന്വേഷണം തൃപ്തികരമല്ല: എം.ലിജു
ആലപ്പുഴ: ലഹരികടത്ത് കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് അഡ്വ. എം.ലിജു മാർച്ച് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലമായി ആലപ്പുഴ ജില്ലയും നഗരവും മാറിക്കഴിഞ്ഞു. കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തിൽ അറസ്റ്റിലായത് ഡി.വൈ.എഫ്.ഐ നേതാവാണ്. ആഴ്ചകൾ കഴിഞ്ഞിട്ടും വാഹന ഉടമയായ ഷാനവാസിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ലഹരിക്കടത്തിൽ അറസ്റ്റിലാകുന്നതിന് തൊട്ടു മുമ്പ് ഇജാസ് ഷാനവാസിനെയാണ് ഫോണിൽ വിളിച്ചിരിക്കുന്നത്. കൃത്യമായ രേഖകൾ പൊലീസിന്റെ പക്കലുണ്ടായിട്ടും ഷാനവാസിനെതിരെ നടപടി എടുക്കാൻ തയ്യാറാകുന്നില്ലെന്നതാണ് ഞെട്ടിപ്പിക്കുന്നതെന്നും ലിജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |