മാവേലിക്കര: ഗുണ്ടാ നേതാവ് ലിജു ഉമ്മനൊപ്പം കഞ്ചാവ് കേസിൽ പിടിയിലായ കായംകുളം ചേരാവള്ളി തയ്യിൽതെക്കതിൽ നിമ്മിയുടെ (34) ജാമ്യം മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി.
2020 ഡിസംബർ 28നാണ് മാവേലിക്കര ജില്ലാ ആശുപത്രിക്ക് അടുത്തുള്ള വാടക വീട്ടിൽ നിന്നു നിമ്മിയെ 30 കിലോ കഞ്ചാവ്, നാലര ലിറ്റർ ചാരായം, 30 ലിറ്റർ കോട, 1785 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ എന്നിവ സഹിതം മാവേലിക്കര പൊലീസ് നിമ്മിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ലിജു ഉമ്മൻ ഒളിവിൽ പോയിരുന്നു. 6 മാസത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ നിമ്മി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ലിജു ഉമ്മനൊപ്പം ചികിത്സയ്ക്ക് വന്നപ്പോഴാണ് 2021 സെപ്തംബർ 13ന് ലിജു ഉമ്മൻ പിടിയിലായത്. പിന്നീട് ലിജുവിന്റെ സഹോദരൻ ജൂലി വി.തോമസിനൊപ്പം വള്ളികുന്നത്തെ വാടക വീട്ടിൽ നിന്നു 2022 ഡിസംബർ ഒന്നിന് കഞ്ചാവുമായി നിമ്മിയെ വീണ്ടും അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ മാവേലിക്കര സി.ഐ സി. ശ്രീജിത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയത്. 10 ദിവസത്തിനുള്ളിൽ കീഴടങ്ങാനാണ് അഡിഷണൽ ജില്ലാ ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവിട്ടത്. പ്രോസിക്യൂഷനു വേണ്ടി പ്ലീഡർമാരായ പി.സന്തോഷ്, ഇ.നാസറുദ്ദീൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |