# മുന്നൊരുക്കങ്ങളുമായി കൃഷിവകുപ്പ്
ആലപ്പുഴ: അപ്രതീക്ഷിത കാരണങ്ങൾ ഉണ്ടായില്ലെങ്കിൽ, പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് ഇക്കുറി സമയബന്ധിതമായി പൂർത്തീകരിക്കാൻ കൃഷിവകുപ്പ് പദ്ധതി തയ്യാറാക്കുന്നു. വരുന്ന 15ന് വിളവെടുപ്പ് ആരംഭിച്ച് മേയ് അവസാന വാരത്തിന് മുമ്പ് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കൊയ്ത്തും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ 4ന് കളക്ടറേറ്റിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ യോഗം വിളിച്ചു.
വേനൽമഴയാണ് കർഷകരെ അലട്ടുന്ന പ്രധാന പ്രശ്‌നം. കാലംതെറ്റിയാണ് കൃഷി ഇറക്കിയതെങ്കിലും വിളവെടുപ്പിന് പാകമായ പാടശേഖരങ്ങളിൽ മികച്ച പ്രതീക്ഷയാണുള്ളത്. മഴയ്ക്ക് മുമ്പ് കൊയ്ത്തും നെല്ല് സംഭരണവും പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കാനും മുന്നൊരുക്കങ്ങൾ തുടങ്ങി.
27,000 ഹെക്ടറിലാണ് കുട്ടനാട്, അപ്പർ കുട്ടനാട്, കരിനില പാടശേഖരങ്ങളിലെ പുഞ്ചകൃഷി ഇറക്കിയത്. കൊയ്ത്ത് പൂർത്തിയാക്കാൻ 400 യന്ത്രങ്ങൾ വേണ്ടിവരും. ഈ മാസം 1000 ഹെക്ടർ വിളവെടുപ്പിന് തയ്യാറാവും. ആദ്യഘട്ടത്തിൽ 100 യന്ത്രങ്ങൾ വേണം. മാർച്ചിൽ 18,000 ഹെക്ടറിൽ വിളവെടുക്കേണ്ടിവരും. ഇതിന് 400 യന്ത്രങ്ങൾ വേണം. ഏപ്രിലിൽ 250 യന്ത്രങ്ങളും. രണ്ടാം കൃഷിയുടെ വിളവെടുപ്പിനു കൊണ്ടുവന്ന 200 യന്ത്രങ്ങളാണ് നിലവിലുള്ളത്. ഇനി ആവശ്യമുള്ളവ തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് എത്തിക്കാനാണ് ശ്രമം. പ്രതികൂല കാലാവസ്ഥ കൂടി പ്രതീക്ഷിച്ച്, നെല്ല് സംഭരണത്തിന് മില്ലുകാരെ എത്തിക്കാനുള്ള പരിശ്രമവും സിവിൽ സപ്ളൈസ് കോർപ്പറേഷൻ ആരംഭിച്ചു.
# കൊയ്ത്ത് യന്ത്രങ്ങൾ
ആകെ വേണ്ടത്......................... 400
നിലവിലുള്ളത്................... .........200
........................
# ആകെ വിളവിറക്കിയത്: 27,602 ഹെക്ടർ
......................
# വിളവെടുപ്പിന്റെ മാസക്കണക്ക് (ഹെക്ടറിൽ)
ഫെബ്രുവരി.............. 1000
മാർച്ച്........................18,000
ഏപ്രിൽ.....................6,500
മേയ്............................1,500
കൊയ്ത്തുമായി ബന്ധപ്പെട്ട് കാർഷിക മേഖലയിൽ നടത്തേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്തു തീരുമാനിക്കാൻ 4ന് യോഗം വിളിച്ചിട്ടുണ്ട്. കൊയ്ത്ത് യന്ത്രങ്ങളുടെ ലഭ്യതയും നെല്ല് സംഭരണവും ഉറപ്പാക്കുക എന്നതാണ് പ്രധാന വിഷയം
പ്രിൻസിപ്പൽ കൃഷി ഓഫീസർ, ആലപ്പുഴ
വിളവെടുപ്പിന് ഓരോ ആഴ്ചയിലെയും കൊയ്ത്ത് ഷെഡ്യൂൾ തയ്യാറാക്കണം. ആവശ്യമായ കൊയ്ത്തു മെതി യന്ത്രങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം
ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ-നാളികേര കർഷകഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |