
ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായെങ്കിലും ചേർത്തല സ്വദേശി രമേശന്റെ വിവാഹം മുടങ്ങിയില്ല.കുറുപ്പംകുളങ്ങര സ്വദേശിനി ഓമനയുടെ കഴുത്തിൽ
കിടക്കയിൽ ഇരുന്നുകൊണ്ട് രമേശൻ താലിചാർത്തി. ചേർത്തല നഗരസഭ 12-ാം വാർഡിൽ കളിത്തട്ടുങ്കൽ രമേശനും (65) കുറുപ്പംകുളങ്ങര ആലയ്ക്ക് വെളിയിൽ ഓമനയും (55) അങ്ങനെ നവദമ്പതികളായി.വിവാഹഒരുക്കത്തിനിടെയാണ് ഈമാസം 15ന് ചേർത്തല മതിലകം ആശുപത്രിയിലെ കാർപ്പെന്ററായ രമേശൻ സൈക്കിളിൽ സഞ്ചരിക്കവെ ബൈക്ക് ഇടിച്ച് അപകടമുണ്ടായത്. കാലൊടിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലും ചേർത്തല താലൂക്ക് ആപത്രിയിലും ചികിത്സ തേടി.
ഇതേത്തുടർന്ന് വിവാഹം മാറ്റിവയ്ക്കാൻ വീട്ടുകാരും ബന്ധുക്കളും ആലോചിച്ചെങ്കിലും ഒരുക്കങ്ങൾ പൂർത്തിയായതിനാൽ നിശ്ചയിച്ച ദിവസമായ 25ന് തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്. രമേശന്റെ വീട്ടിൽ വച്ച് ലളിതമായ ചടങ്ങ്. രമേശനെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ചു. കിടക്കയിൽ തന്നെയിരുന്ന് രമേശൻ ഓമനയുടെ കഴുത്തിൽ താലി കെട്ടി, പരസ്‌പരം പുഷ്പഹാരം ചാർത്തി. ഇരുവരുടെയും അടുത്ത ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |