കൊച്ചി: അവസാന അലോട്ട്‌മെന്റ് ഇന്നലെ കഴിഞ്ഞെങ്കിലും ജില്ലയിലെ വിവിധ കോളേജുകളിൽ ഡിഗ്രി കോഴ്സുകളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. സയൻസ് വിഷയങ്ങളിലാണ് സീറ്റുകളേറെയും ഒഴിവ്. ബി.എസ്‌സി ഫിസിക്‌സിലാണ് ഒഴിവേറെയും. ബി.എസ്‌സി മാത്‌സിനും ആള് കുറവാണ്. വിദ്യാർത്ഥികൾ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കും വിദേശ വിദ്യാഭ്യാസത്തിലേക്കും മാറിയതാണ് ഡിഗ്രിപഠന ട്രെൻഡിൽ മാറ്റം വരുത്തിയത്. ബിരുദ പഠനം നാല് വർഷമാക്കിയതും ഇതേക്കുറിച്ച് വലിയ ധാരണയില്ലാത്തതും വിദ്യാർത്ഥികളെ ഡിഗ്രി കോഴ്‌സുകളിൽ നിന്ന് അകറ്റുന്നതിന് കാരണമാകുന്നുണ്ടെന്നും അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു. എറണാകുളം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിൽ വരുന്ന ജില്ലയിലെ 27 കോളേജുകളിലും ഇടുക്കിയിലെ മൂന്നും ആലപ്പുഴയിലെ നാലും കോളേജുകളിലെല്ലാം വിവിധ വിഷയങ്ങളിൽ സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ട്.
എറണാകുളം മഹാരാജാസ് കോളേജിൽ ഹിന്ദി, സംസ്‌കൃതം, ഇസ്ലാമിക് ഹിസ്റ്ററി, ഫിസോസഫി, മാത്‌സ്, ബോട്ടണി, ഫിസിക്‌സ്, സുവോളജി എന്നീ വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. ജില്ലയിലെ മറ്റ് കോളേജുകളിലും സമാന സ്ഥിതിയാണ്. മാദ്ധ്യമങ്ങളിലൂടെയും മറ്റും പരസ്യം നൽകി കുട്ടികളെ എത്തിക്കാനുളള ശ്രമത്തിലാണ് കലാലയങ്ങൾ.
പഠിച്ചാലുടൻ വേണം ജോലി
തൊഴിൽ സാദ്ധ്യത കുറഞ്ഞ പരമ്പരാഗത ഡിഗ്രി കോഴ്സുകളോട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ താത്പര്യം കുറഞ്ഞെന്നാണ് വിശകലനം. പ്ലസ് ടു കഴിയുമ്പോൾ തന്നെ കുട്ടികൾ വിദേശ കോഴ്സുകളുടെ സാദ്ധ്യതകളാണ് തേടുന്നത്. സർവകലാശാലകളിൽ പുതിയ കോഴ്സുകൾ തുടങ്ങാത്തതും വെല്ലുവിളിയാണ്. കുറഞ്ഞ സമയം കൊണ്ട് ഏതെങ്കിലും കോഴ്സ് പൂർത്തീകരിച്ച് ജോലി നേടാനാണ് വിദ്യാർത്ഥികൾക്ക് താത്പര്യം.
സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ പ്രതീക്ഷ
ഓരോ കോളേജുകളും സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളാക്കാനുള്ള സർക്കാർ നീക്കത്തിലാണ് കോളേജുകളുടെ പ്രതീക്ഷ. കെൽട്രോൺ, അസാപ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി. ജില്ലയിലെ അദ്ധ്യാപകർക്ക് കഴിഞ്ഞ ദിവസം പരിശീലനവും നൽകിയിരുന്നു. പരമ്പരാഗത ഡിഗ്രി പഠനത്തിനൊപ്പം സർട്ടിഫിക്കറ്റോടെ തൊഴിലധിഷ്ടിത കോഴ്സ് കൂടി പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ജില്ലയിലെ എം.ജി സർവകലാശാലാ കോളേജുകൾ
ഗവൺമെന്റ്- 5
എയ്ഡഡ്- 18
അൺ എയ്ഡഡ്- 68
ഓട്ടോണമസ്- 6
ആകെ - 97
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |