തൃക്കാക്കര: കാക്കനാട് തുതിയൂർ ചേലക്കര ഭാസ്കരന്റെ കൃഷിയിടത്തിൽ വിളവെടുത്ത ഭീമൻ കപ്പ കണ്ട് അമ്പരന്നിരിക്കുകയാണ് തുതിയൂർ നിവാസികൾ. ഒരു വർഷം മുമ്പ് നട്ട രണ്ട് ചുവട് ക്വിന്റൽ കപ്പയിലെ ഒരു ചുവടിൽ നിന്ന് വിളഞ്ഞതാണ് ഈ അത്ഭുതക്കപ്പ. തൂക്കം 30 കിലോഗ്രാം വരും.
മറ്റു കപ്പ ഇനങ്ങളെ പോലെ നിരവധി ചില്ലകളായി വിളയുന്നതല്ല ക്വിന്റൽ കപ്പ. ഒരു കപ്പ മാത്രമാണ് ഉണ്ടാവുക. ഏകദേശം നാല് അടിയിൽ കൂടുതൽ നീളമുണ്ട് ഭാസ്കരന് ലഭിച്ച കപ്പയ്ക്ക്. വ്യാഴഴ്ച രാവിലെ കൃഷിയിടത്തിൽ ഒറ്റയ്ക്കിറങ്ങിയ ഭാസ്കരൻ രണ്ട് മണിക്കൂർ കൊണ്ടാണ് കപ്പ പറിച്ചത്. സമീപത്തെ ജൈവവളക്കടയിൽ നിന്നുള്ള വളം മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. ജൈവവളക്കടയ്ക്ക് മുന്നിൽ പ്രദർശനത്തിനുവച്ചിട്ടുള്ള ഭീമൻ കപ്പ കാണാനും ഫോട്ടോയെടുക്കാനും നിരവധിപേർ എത്തുന്നുണ്ട്. അടുത്ത ദിവസം കപ്പ വെട്ടി ഉണക്കി വിൽക്കുമെന്ന് ഭാസ്കരൻ പറഞ്ഞു. തൃക്കാക്കരയുടെ കാർഷിക ഗ്രാമം എന്നറിയപ്പെടുന്ന തുതിയൂർ പ്രദേശത്തെ മികച്ച കർഷകനാണ് ഭാസ്കരൻ. തുതിയൂരുകാർ കൃഷി തുടങ്ങുന്നതിന് മുൻപ് ഭാസ്കരന്റെ സഹായവും ഉപദേശവും തേടും. ഏതെല്ലാം കൃഷി എങ്ങനെ ചെയ്യണം എപ്പോൾ എന്ത് വളം ഉപയോഗിക്കണം എന്നിങ്ങനെ തുടങ്ങി പരമ്പരാഗത അറിവ് ഭാസ്കരനോളം പ്രദേശത്തെ മറ്രാർക്കും ഇല്ലെന്നു പറയാം. സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ഭാസ്കരൻ ചെറുപ്പം മുതൽ മണ്ണറിഞ്ഞ് ജൈവകൃഷി ചെയ്തുവരുന്നയാളാണ്. ഇതുവരെ തന്നെ മണ്ണ് കൈവിട്ടിട്ടില്ലെന്ന് ഭാസ്കരൻ അഭിമാനത്തോടെ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |