കൊച്ചി: വേനൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി നിർദേശം. രാവിലെ 11 മുതൽ 3 വരെയുള്ള സമയത്ത് സൂര്യപ്രകാശം അധികം ഏൽക്കാതെ ശ്രദ്ധിക്കണം. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം.
സ്കൂൾ അസംബ്ലികളും മറ്റു പരിപാടികളും ഒഴിവാക്കുകയോ സമയം പുനക്രമീകരിക്കുകയോ വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളിൽ വായു സഞ്ചാരമുണ്ടാകണം.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
തീപിടിത്തമുണ്ടാകാൻ സാദ്ധ്യത കൂടുതലുള്ള മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.
നിർമ്മാണത്തൊഴിലാളികൾ, കർഷകർ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കണം.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാലുടൻ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |