ഇലക്ട്രിക് തൂണുകളിൽ
121 ചാർജിംഗ് സ്റ്റേഷനുകൾ
പ്രശ്നം വ്യാപാര സ്ഥാപനങ്ങളുടെ എതിർപ്പ്
കൊച്ചി: ഇരുചക്ര- മുച്ചക്ര വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗിനായി തയ്യാറാക്കിയ പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ (വൈദ്യുതി തൂണിലെ ചാർജിംഗ് സ്റ്റേഷൻ) ഇടുങ്ങിയതും ശ്രദ്ധയെത്താത്തതുമായ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നത് വെല്ലുവിളിയാകുന്നു.
2021 ഒക്ടോബർ മുതൽ ജില്ലയിൽ സ്ഥാപിച്ചത് 121 എണ്ണമാണ്. കഴിഞ്ഞ ദിവസം നഗരത്തിലെ ചിറ്റൂർ റോഡിൽ അമ്മൻ കോവിൽ ജംഗ്ഷനിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ലക്ഷണമില്ല.
റോഡരികിൽ വളവിനോട് ചേർന്നുള്ള പോസ്റ്റിലാണ് ചാർജിംഗ് സ്റ്റേഷൻ ഉള്ളത്. ബുധനാഴ്ചയാണ് ഇത് പ്രവർത്തന സജ്ജമായത്. ഒന്നിലേറെ പോസ്റ്റുകളുടെ ഇടയിലായതിനാൽ വാഹനം നിറുത്തിയിട്ട് ചാർജ്ജ് ചെയ്യാൻ സൗകര്യമില്ല. കോട്ടയം റൂട്ടിൽ അരയൻകാവ് ജംഗ്ഷന് ശേഷം കാടുപിടിച്ച് കിടക്കുന്ന സ്ഥലത്തെ പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റേഷൻ ആരുടെയും ശ്രദ്ധയിൽപ്പോലും പെടില്ല.
വ്യാപാര സ്ഥാപനങ്ങൾ തടസം
പലയിടത്തും പോസ്റ്റിൽ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനെത്തുമ്പോൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. പലയിടത്തും ഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട്. തങ്ങളുടെ സ്ഥാപനത്തിനു മുന്നിലെ പോസ്റ്റിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചാൽ അത് കച്ചവടത്തെ ബാധിക്കുമെന്ന കാരണം പറഞ്ഞ് പലരും എതിർത്തു. ഇതോടെ മാറ്റി സ്ഥാപിക്കേണ്ടി വന്നു.
പോൾമൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ
'ചാർജ് മോഡ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആളുകൾക്ക് ചാർജിംഗ് സ്റ്റേഷനുകളുടെ കൃത്യസ്ഥലം അറിയാനും ചാർജിംഗിന് ശേഷം പണമിടപാട് നടത്താനും കഴിയും. വൈദ്യുതി തൂണിൽ വൈദ്യുതി അളക്കുന്നതിനുള്ള എനർജി മീറ്ററും വാഹനം ചാർജ് ചെയ്യുമ്പോൾ അളക്കുന്നതിനുള്ള സംവിധാനവും ഘടിപ്പിച്ചിരിക്കും. മൊബൈൽ ആപ്ലിക്കേഷൻ വഴി പണം അടച്ച് ടൂവിലറുകൾക്കും ഓട്ടോറിക്ഷകൾക്കും ഇവിടെനിന്ന് ചാർജ് ചെയ്യാം. ഒരു യൂണിറ്റ് ചാർജ് ചെയ്യാൻ 10 രൂപയാണ്. ഓരോ ബാറ്ററിയുടെ ശേഷി അനുസരിച്ചാണ് ചാർജിംഗ് ചെയ്യുക. അതിനനുസരിച്ച് ചാർജ് വ്യത്യസ്തമായിരിക്കും.
സംസ്ഥാനത്ത് ആകെ - 1,140 പോൾമൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ
എറണാകുളം ജില്ലയിൽ- 121 എണ്ണം
എറണാകുളം നഗരത്തിലെ ഇലക്ട്രിസിറ്റി സെക്ഷൻ കോളേജിന് കീഴിൽ- 9 എണ്ണം
..........................................
ചെറിയ വാഹനങ്ങൾക്കുള്ള ചാർജിംഗ് സ്റ്റേഷൻ ആയതിനാൽ പാർക്കിംഗ് സ്ഥലം വെല്ലുവിളിയാകില്ലെന്ന് കരുതുന്നു.
പ്രസാദ്, കെ.എസ്.ഇ.ബി സബ് എൻജിനിയർ, എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |