കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ കോർപറേറ്റ് ഓഫീസ് ഉദ്യോഗമണ്ഡലിൽ നിന്ന് കളമശേരിയിലേക്ക് മാറ്റി സ്ഥാപിക്കാൻ ആലോചന. 60 വർഷത്തിലധികം പഴക്കമുള്ള ഒ.ഡി, ഇ, എക്സ് ടൈപ്പ് ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റി ജീവനക്കാർ, ട്രെയിനീസ് എന്നിവർക്കായി ഫ്ളാറ്റുകൾ നിർമ്മിക്കാനും തീരുമാനം. നാഷണൽ ബിൽഡിംഗ്സ് കൺസ്ട്രക്ഷൻസ് കോർപറേഷനുമായി ഫാക്ട് മാനേജ്മെന്റ് മൂന്നു വട്ട ചർച്ചകൾ കഴിഞ്ഞു.
എം.കെ.കെ.നായർ സി.എം.ഡി. യായിരുന്ന കാലത്ത് നിർമ്മിച്ച ഗസ്റ്റ് ഹൗസ് , സി.എം.ഡി.യായി എൻ.ബി. ചന്ദ്രൻ ചാർജെടുത്തപ്പോൾ കോർപറേറ്റ് ഓഫീസാക്കി മാറ്റുകയായിരുന്നു. കളമശേരി ദേശീയപാതയിൽ റയിൽവേ സ്റ്റേഷനോട് ചേർന്ന് കിടക്കുന്ന ഫാക്ടിന്റെ മൂന്നര ഏക്കറോളം സ്ഥലം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഫാക്ട് മാനേജ്മെൻ്റ് ഡവലപ്മെന്റ് സെന്റർ 2020 വരെ കളമശേരിയിൽ പ്രവർത്തിച്ചിരുന്നു. വളച്ചാക്കുകൾ സൂക്ഷിക്കുന്ന വെയർഹൗസ് റെയിൽവേ സ്റ്റേഷനോട് ചേർന്നാണ്.
പ്രയോജനങ്ങൾ
കോർപറേറ്റ് ഓഫീസും കൊമേഴ്സ്യൽ ആവശ്യങ്ങൾക്കുമുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. ദേശീയ പാത, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ഇൻഫോപാർക്ക് സാമീപ്യം.
ഫാക്ടിന്റെ അമ്പലമേട്, പള്ളുരുത്തി, മാർക്കറ്റിംഗ് തുടങ്ങിയ ഡിവിഷനുകളിലെ ഉദ്യോഗസ്ഥർക്കുള്ള യാത്രാ സൗകര്യം.
ഒഴിപ്പിക്കൽ നടപടികൾ
ഫാക്ടിന്റെ വിവിധ ക്വാട്ടേഴ്സുകളിൽ വാടക കരാറിൽ താമസിക്കുന്ന ജീവനക്കാരല്ലാത്ത 120 പേർക്ക് 31നകം ഒഴിയാൻ നോട്ടീസ് നൽകി. നാലു വർഷത്തിനുള്ളിൽ നാലാമത്തെ നോട്ടീസാണ്. ഒഴിയാത്തവർക്ക് വേണ്ടി ജാമ്യം നിന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക പിടിക്കാനാണ് തീരുമാനം. വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |