
കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃപ്പൂണിത്തുറ തിരുവാങ്കുളം സബ് ഗ്രൂപ്പിലെ ഒരു ക്ഷേത്രത്തിലെ രണ്ട് ജീവനക്കാരികളുടെ ആർത്തവ അവധി സംബന്ധിച്ച് സഹപ്രവർത്തകൻ വിവരാവകാശം ചോദിച്ച സംഭവത്തിൽ ബോർഡിലെ ഇടതു യൂണിയനായ കൊച്ചിൻ ദേവസ്വം ബോർഡ് എംപ്ളോയീസ് ഓർഗനൈസേഷൻ (സി.ഡി.ഇ.ഒ) ദേവസ്വം തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മിഷണർ ഓഫീസിന് മുന്നിൽ നാളെ സമരം നടത്തും. വിവരാകാശ നിയമം ഉപയോഗിച്ച് സ്ത്രീകളുടെ വ്യക്തിപരമായ വിവരങ്ങൾ ചോദിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉച്ചയ്ക്ക് 12നാണ് സമരം.
സി.ഡി.ഇ.ഒ. പ്രസിഡന്റ് വി.മുരളീധരൻ, ജനറൽ സെക്രട്ടറി കെ.ഡി.ദാമോദരൻ നമ്പൂതിരി ജോ.സെക്രട്ടറി സതീശൻ നമ്പൂതിരി, വൈസ് പ്രസിഡന്റ് ടി.എ.ഉല്ലാസ് എന്നിവർ നേതൃത്വം നൽകും. വിവരാവകാശത്തിന്റെ മറവിൽ വനിത ജീവനക്കാരികളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.ഡി.ഇ.ഒ. പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിലെ അംഗീകൃത യൂണിയനാണ് സി.പി.എം അനുഭാവമുള്ള സി.ഡി.ഇ.ഒ.
പ്രശ്നം ഇവിടെ തീരുന്നില്ല
സ്ത്രീത്വത്തെ അപമാനിച്ചെന്ന്
സ്ത്രീകളുടെ വ്യക്തിപരമായ വിവരങ്ങൾ നൽകാനാവില്ലെന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചെങ്കിലും സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ദിവസവേതനത്തിന് അടിച്ചുതളി, കഴകം ജോലി ചെയ്യുന്ന രണ്ട് ജീവനക്കാരികളും ചേർന്ന് ബോർഡിന് പരാതി നൽകി. ദേവസ്വം ഓഫീസറും ജീവനക്കാരനെതിരെ പരാതി സമർപ്പിച്ചു.
ആചാര ലംഘനമെന്ന്
അവധിയിലാണെന്ന് പറയുന്ന ജീവനക്കാരികൾ അന്നേദിവസങ്ങളിൽ ഒപ്പിട്ടതിനാൽ ആചാരലംഘനം നടന്നതായി സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരൻ ദേവസ്വം ഓഫീസർക്ക് മറ്റൊരു പരാതിയും സമർപ്പിച്ചിട്ടുണ്ട്.
യൂണിയൻ അംഗമല്ലെന്ന്
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വിവരാവകാശ അപേക്ഷ കൊടുത്ത വ്യക്തിക്ക് യൂണിയനുമായി യാതൊരു ബന്ധമില്ലെന്നും സംഘടന വിരുദ്ധ പ്രവർത്തനങ്ങൾക്ക് വർഷങ്ങൾക്ക് മുമ്പ് യൂണിയനിൽ നിന്ന് പുറത്താക്കിയതാണെന്നും സി.ഡി.ഇ.ഒ. കേന്ദ്ര കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |