
ആലുവ: ഉളിയന്നൂരിൽ ഡി.സി.സി ജനറൽ സെക്രട്ടറിയുടെ സഹോദരന്റെ മക്കളുടെ ചികിത്സ സഹായ ഫണ്ടിൽ നിന്ന് എ ഗ്രൂപ്പുകാരനായ കോൺഗ്രസ് നേതാവ് 13 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ കടുങ്ങല്ലൂരിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് ശക്തമായി. കളമശേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് വില്പന നടത്തി പണം തട്ടിയവരെയും സാമൂഹ്യ സുരക്ഷാ പെൻഷൻ വ്യാജ ഒപ്പിട്ടെടുത്തവരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പും രംഗത്തെത്തിയതോടെയാണ് ഗ്രൂപ്പ് പോര് കലുഷിതമായത്.
ചികിത്സ സഹായ ഫണ്ടിൽ നിന്നും 12.86 ലക്ഷം രൂപ രഹസ്യമായി പിൻവലിച്ച കോൺ കളമശേരി ബ്ളോക്ക് ജനറൽ സെക്രട്ടറിയായിരുന്ന കെ.ബി. റഫീക്ക് ആരോപണം ഉയർന്നതിന് പിന്നാലെ ഔദ്യോഗിക ചുമതല രാജിവെച്ചിരുന്നു. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പുകാരായ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കോൺഗ്രസ് കളമശേരി ബ്ളോക്ക് വൈസ് പ്രസിഡന്റുമാരായ ടി.ജെ. ടൈറ്റസ്, വി.ജി. ജയകുമാർ, ജനറൽ സെക്രട്ടറിമാരായ എ.എ. കുഞ്ഞുമുഹമ്മദ്, ശ്രീകുമാർ മുല്ലേപ്പിള്ളി, കെ.എ. അബ്ദുൾ അസീസ്, ഫാസിൽ മൂത്തേടൻ, അബ്ദുൾ സലാം എന്നിവർ ഡി.സി.സിക്ക് പരാതി നൽകിയതോടെയാണ് എ ഗ്രൂപ്പ് മറുവിഭാഗത്തിനെതിരെയും ആരോപണവുമായി രംഗത്തെത്തിയത്.
എ ഗ്രൂപ്പിന്റെ ആരോപണങ്ങൾ
ഉളിയന്നൂരിൽ ചികിത്സ ഫണ്ട് തിരിമറി നടത്തിയതിനെ എ ഗ്രൂപ്പ് അംഗീകരിക്കുന്നില്ല. എന്നാൽ അദ്ദേഹം പണം മടക്കി നൽകാമെന്നറിയിച്ചിട്ടും അതിന് അവസരം നൽകാതെ പാർട്ടിയെ പൊതുജനമധ്യത്തിൽ അവഹേളിക്കാനാണ് ഐ ഗ്രൂപ്പ് ശ്രമിച്ചത്. ഈ സാഹചര്യത്തിൽ പാർട്ടി ഓഫീസ് വിറ്റവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. ഭാരത് ജോഡോ യാത്രയുടെ പേരിലും ഓഫീസ് നിർമ്മാണത്തിന്റെ പേരിലും പണം പിരിച്ചവരാണ് കളമശേരി മണ്ഡലം കമ്മറ്റി ഓഫീസ് പാർട്ടി അറിയാതെ വിറ്റത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വ്യാജ ഒപ്പിട്ട് കൈക്കലാക്കിയ യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റാണ് ഇപ്പോൾ ധാർമ്മികത വിളമ്പുന്നത്. ഐ ഗ്രൂപ്പുകാരായ ചിലർ പാർട്ടി ഭാരവാഹിത്വം ഇല്ലാതെയാണ് പ്രസ്താവനകൾ ഇറക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |