മട്ടാഞ്ചേരി: കൊച്ചിയുടെ ജനകീയ ഗായകൻ മെഹബൂബ് ഓർമ്മയായിട്ട് ഇന്ന് 45വർഷം തികയുമ്പോൾ അദ്ദേഹത്തിന്റെ അനശ്വരഗാനങ്ങൾ വേദികളിൽ ആലപിച്ച് 86-ാം വയസിലും കൈയടി നേടുകയാണ് ബിസ്മില്ല അബു. 7 പതിറ്റാണ്ടായി മെഹബൂബിന്റെ ഗാനങ്ങൾ ആലപിക്കുന്ന അബു പ്രായത്തിന്റെ അവശതകളും അസുഖങ്ങളും വകവയ്ക്കാതെ ദൂരദർശൻ അടക്കമുള്ള ചാനലുകളിലും സജീവമാണ്. മെഹബൂബിനെ അനുകരിച്ചാണ് അബുവിന്റെ പ്രകടനം.
"കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം", "മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല", "വണ്ടീ വണ്ടീ നിന്നെപ്പോലെ", "നയാ പൈസയില്ലാ കൈയിലൊരു നയാപൈസ ഇല്ല" എന്നീ ഗാനങ്ങൾ അബു പാടുമ്പോൾ ആസ്വാദകർക്ക് പ്രിയഗായകനായ മെഹബൂബിനെ ഓർമ്മവരും. 17-ാം വയസിലാണ് അബു മെഹബൂബിനെ പരിചയപ്പെടുന്നത്. പാടാൻ അവസരം ചോദിച്ചെത്തിയ അബു "കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം" പാടിയപ്പോൾ മെഹബൂബ് തലയിൽ കൈവച്ച് അനുഗ്രഹിച്ചു.
കടുത്ത ദാരിദ്ര്യമാണ് അബുവിനെ പാട്ടിനോട് അടുപ്പിച്ചത്. അക്കാലത്ത് കല്യാണവീടുകളിൽ പാടിയാൽ കിട്ടുന്ന എട്ടണ (50 പൈസ) ഒരാഴ്ചത്തെ അരിവാങ്ങാൻ തികയുമായിരുന്നു. മരണംവരെ മെഹബൂബിന്റെ പാട്ടുകൾ പാടണമെന്നാണ് അബുവിന്റെ മോഹം. മെഹബൂബിന്റെ ജീവിതകഥ ആസ്പദമാക്കിയ ഡോക്യുമെന്ററിയിലും അബു അഭിനയിച്ചിട്ടുണ്ട്.
പ്രായം തളർത്താത്ത വീര്യത്തോടെ പാടുന്ന അബുവിന് മെഹബൂബിന്റെ പേരിൽ പുരസ്കാരം നൽകാൻ മ്യൂസിക് ലവേഴ്സ് ഓഫ് കൊച്ചി തീരുമാനിച്ചിട്ടുണ്ട്. പരേതയായ പത്തായിയാണ് ഭാര്യ. കബീർ, ഷാഹിറ എന്നിവർ മക്കളാണ്. മകളുടെ കൂടെ പള്ളുരുത്തിയിലാണ് താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |