കൊച്ചി: 'പരാതി നൽകാനെത്തുന്നവരെ അവഹേളിക്കുന്നു. എഴുതിച്ചേർക്കുന്നത് പറയാത്ത മൊഴികൾ. പണം കൈക്കലാക്കിയവർ നല്ലവരെന്ന് സ്ഥാപിക്കാൻ ശ്രമം' പകുതി വില തട്ടിപ്പിൽ പൊലീസ് നടപടികളിൽ ആരോപണങ്ങളുമായി തട്ടിപ്പിനിരയായവർ. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഇരയായ സ്ത്രീകളുടെ ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പൊലീസിനെതിരെ തുറന്നടിച്ചത്. നോർത്ത് പറവൂർ പൊലീസിനെതിരെയാണ് ആക്ഷേപം.
ജനസേവ സമിതിയെന്ന (ജെ.എസ്.എസ്) സന്നദ്ധ സംഘടനയാണ് പറവൂർ മേഖലയിൽ പകുതി വിലയ്ക്ക് സ്‌കൂട്ടർ വാഗ്ദാനം ചെയ്ത് 2000ലധികം സ്ത്രീകളിൽ നിന്ന് 60,000 രൂപ വീതം വാങ്ങിയെടുത്തത്. കേസിൽ അറസ്റ്റിലായ അനന്തുകൃഷനും ആനന്ദകുമാറിനും സംഘടനയുമായി നേരിട്ട് ബന്ധമുണ്ട്. ഇരകളുടെ പരാതിയിൽ സമിതിയുടെ ഭാരവാഹികൾക്ക് എതിരെ കേസെടുത്തിരുന്നു. എന്നാൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയോ അന്വേഷണത്തിൽ തുടർനടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
തട്ടിപ്പുകാരല്ലെന്ന് പൊലീസ്
കേന്ദ്രസർക്കാർ പദ്ധതിയെന്നും സി.എസ്.ആർ ഫണ്ട് ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചായിരുന്നു ജെ.എസ്.എസ് ആളുകളെ വീഴ്ത്തിയത്. സമിതിയുടെ ഭാരവാഹികളിൽ ഒരാളായ വനിത കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനയുടെ മേധാവിയായിരുന്നു. ഇവർ വിരമിച്ചപ്പോൾ ഇതേ പേരിൽ മറ്റൊരു സംഘടന രൂപീകരിച്ച് തട്ടിപ്പിന് കളമൊരുക്കി. എന്നാൽ ഇവർ തട്ടിപ്പുകാരല്ലെന്നാണ് പൊലീസ് പറയുന്നത്. ഇത് ഇരകളെ മാനസികമായി തളർത്തുന്നു.
വോട്ട് ചെയ്യില്ല, കട്ടായം
ജനപ്രതിനിധികളും മതമേലദ്ധ്യക്ഷന്മാരുമാണ് സ്‌കൂട്ടർ നൽകാനും മറ്റും മുന്നിലുണ്ടായിരുന്നത്. തട്ടിപ്പാണെന്ന് പുറത്തറിഞ്ഞതോടെ ഇവരെല്ലാം പിൻവലിഞ്ഞു. തങ്ങളെ സഹായിക്കാൻ പോലും ആരും എത്തിയില്ല. ജനപ്രതിനിധികളുടെയും മറ്റും ചിത്രങ്ങൾ സഹിതമുള്ള പോസ്റ്ററുകളും ആക്ഷൻ കമ്മിറ്റി പുറത്തുവിട്ടു. പണം തിരികെ ലഭിക്കുംവരെ 2000ലധികം പേരും അവരുടെ കുടുംബങ്ങളും വോട്ട് ചെയ്യില്ലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാലാണ് സ്ത്രീകൾ പണം നൽകാൻ മുന്നോട്ട് വന്നത്. ഇതിന് സാഹചര്യമൊരുക്കിയത് ജനപ്രതിനിധികളും മറ്റുമാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ടാണ് സ്‌കൂട്ടർ വാങ്ങാൻ പണം നൽകിയതെന്നാണ് മൊഴി നൽകിയത്. എന്നാൽ സ്വയം തെറ്റിദ്ധരിച്ചാണെന്നാണ് പൊലീസ് എഴുതിച്ചേർത്തതെന്ന്
ഇരയായ സ്ത്രീ
പകുതിവില തട്ടിപ്പ്
ഒടുവിൽ റൂറൽ എസ്.പിക്ക് പരാതി നൽകിയതോടെയാണ് പൊലീസ് മൊഴി എടുക്കാനെങ്കിലും എത്തിത്തുടങ്ങിയത്.
ഡീന ജോസഫ്
അഭിഭാഷക
ആക്ഷൻ കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |