കൊച്ചി: പള്ളുരുത്തിയിലെ റവന്യൂഭൂമിയിലെ കുളമെന്ന വ്യാജരേഖ സമർപ്പിച്ച് പള്ളുരുത്തി അഴകിയകാവ് ക്ഷേത്രക്കുളം പുനരുദ്ധരിച്ചെന്ന പേരിൽ ചെലവഴിച്ച 30 ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് നോട്ടീസ് ഉത്തരവായി. കേന്ദ്ര വിജിലൻസ് കമ്മിഷന് സമർപ്പിച്ച പരാതി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് അയച്ചിട്ടുണ്ടെന്നും സി.ബി.ഐയുടെയും തദ്ദേശ വകുപ്പിന്റെ ജില്ലാ എംപവർമെന്റ് ഓഫീസറുടെയും പ്രാഥമികാന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദുരുപയോഗം ചെയ്ത 30 ലക്ഷത്തിന്റെ എം.പി ഫണ്ട് തിരിച്ചുപിടിക്കാൻ ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകണമെന്നാണ് മുഖ്യ ആവശ്യം. കെ.വി. തോമസ് എം.പിയായിരിക്കെയാണ് ഫണ്ട് വിനിയോഗിച്ചത്.
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള അഴകിയകാവ് ക്ഷേത്രത്തിന്റെ കുളം പുനരുദ്ധരിക്കാൻ ചെലവഴിച്ച 50 ലക്ഷം രൂപയിൽ 30 ലക്ഷം എം.പിയുടെയും 20 ലക്ഷം കൊച്ചി കോർപ്പറേഷന്റെയുമാണ്. ഇതിനായി സമർപ്പിച്ച സർവേയറുടെ രേഖകളിലെ കുളത്തിന്റെ സർവേ നമ്പർ 584/2 രാമേശ്വരം വില്ലേജിലെ റവന്യൂ പുറമ്പോക്കിന്റേതാണ്. ക്ഷേത്രക്കുളത്തിന്റേത് 613/2. ഭക്തരിൽ നിന്ന് പണം പിരിച്ചാണ് കുളം പുനരുദ്ധരിച്ചതെന്നും എം.പി ഫണ്ടും കോർപ്പറേഷൻ ഫണ്ടും വെട്ടിച്ചതാണെന്നും ഹർജിയിൽ ആരോപിക്കുന്നു. പള്ളുരുത്തി സ്വദേശി ബാബു സുരേഷാണ് ഹർജിക്കാരൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ജില്ലാ കളക്ടർ, കൊച്ചിൻ ദേവസ്വം ബോർഡ്, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തുടങ്ങിയവരാണ് എതിർ കക്ഷികൾ.
ഹർജിയിൽ പറയുന്നത്
1. മതസ്ഥാപനങ്ങളിൽ എം.പി.ഫണ്ട് ചെലവഴിക്കുന്നത് നിയമവിരുദ്ധം. സർവ്വേനമ്പർ തെറ്റിച്ചത് ആസൂത്രിതം.
2. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് 2023 ജൂലായിൽ സമർപ്പിച്ചിട്ടും സംസ്ഥാന സർക്കാർ ഇതുവരെ അന്വേഷണ അനുമതി നൽകിയിട്ടില്ല.
3. എം.പി ഫണ്ട് ദുരുപയോഗത്തിന് പണം തിരിച്ചുപിടിക്കേണ്ട ചുമതല ജില്ലാ കളക്ടർക്കാണ്. പലവട്ടം പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ല.
4. എം.പി.ഫണ്ട് വിനിയോഗം സംബന്ധിച്ച് ക്ഷേത്രക്കുളത്തിൽ സ്ഥാപിച്ചിരുന്ന ശിലാഫലകങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡ് നീക്കം പൊളിച്ചുമാറ്റി.
5. ഗുരുതരമായ അഴിമതി ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്നും തദ്ദേശസ്വയംഭരണ വകുപ്പിലെ ജില്ലാ എംപവർമെന്റ് ഓഫീസർ 2023 ജൂലായിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |