ആലുവ: പൊലീസ് സേനയ്‌ക്ക് നാണക്കേടുണ്ടാക്കിയ എസ്.ഐ പി.എം. സലീമിന്റെ മോഷണം പുറത്തായതിനെ തുടർന്ന് ഇയാൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. വിശദമായ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. വർഗീസിന് എസ്.പി. ഡോ. വൈഭവ് സക്‌സേന നിർദ്ദേശം നൽകി.
റിപ്പോർട്ട് കിട്ടിയാലുടൻ സലീമിനെതിരെ തുടർ നടപടിയുണ്ടാകും. നിലവിൽ സസ്പെൻഷനിലായ സലീമിനെ സർവീസിൽ നിന്ന് പുറത്താക്കാനാണ് സാദ്ധ്യത. മോഷണക്കുറ്റം ചുമത്തി കേസും രജിസ്റ്റർ ചെയ്യും. മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് 3000 രൂപയാണ് മോഷ്ടിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തുക കുറച്ച് കേസ് ലഘൂകരിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ഇതിന് ഉദ്യോഗസ്ഥർ തടയിട്ടു.
കഴിഞ്ഞ മാസം 19ന് നടന്ന സംഭവമായിട്ടും പുറത്തുവിടാതെ പൊലീസുകാരനെ സംരക്ഷിക്കാൻ നീക്കമുണ്ടായിരുന്നു. ആലുവ സ്‌റ്റേഷനിലെ എസ്.ഐയായിരുന്ന സലീമിനെ ട്രാഫിക്ക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയ ശേഷമാണ് സസ്‌പെൻഡ് ചെയ്തത്. സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് ആലുവ ഡിവൈ.എസ്.പി പി.ആർ. രാജേഷ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
എ.എസ്.പിയുടെ പേരിൽ
വ്യാജ കത്ത്!
അതിനിടെ പെരുമ്പാവൂർ ഡിവൈ.എസ്.പി ഓഫീസിലെ പൊലീസുകാരൻ എ.എസ്.പിയുടെ പേരിൽ വ്യാജമായി കത്ത് തയ്യാറാക്കി പശ്ചിമ ബംഗാൾ പൊലീസിന് അയച്ച സംഭവവും പുറത്തുവന്നിട്ടുണ്ട്. ബംഗാളിൽ ക്രിമിനൽ കേസിൽ കുടുങ്ങുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്ത സഹോദരനെ രക്ഷപ്പെടുത്തുന്നതിനാണ് പൊലീസുകാരൻ എ.എസ്.പിയുടെ മെയിലിൽ നിന്ന് ബംഗാൾ പൊലീസിന് വ്യാജ കത്ത് അയച്ചത്. ഇതുസംബന്ധിച്ച ബംഗാൾ പൊലീസിന്റെ മറുപടി ലഭിച്ചപ്പോഴാണ് എ.എസ്.പി വിവരമറിഞ്ഞത്. തുടർന്ന് ഈ പൊലീസുകാരനെ ഞാറക്കലിലേക്ക് സ്ഥലം മാറ്റി. ഇതുസംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |