കൊച്ചി: പീഡനക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയ്ക്ക് വധഭീഷണി. 22കാരിയായ അതിജീവിതയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പീഡനക്കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശിയുടെ സുഹൃത്താണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്. കേസ് എടുത്തതിന് പിന്നാലെ പ്രതി ഒളിവിൽപ്പോയെന്നാണ് വിവരം. ഈ മാസം 19നായിരുന്നു കേസിനിടയാക്കിയ സംഭവം. പരാതി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കഴിഞ്ഞദിവസം കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുക്കുകയുമായിരുന്നു.
എറണാകുളം സ്വദേശിനിയും തിരുവനന്തപുരത്തെ ഒരു കോളേജ് വിദ്യാർത്ഥിനിയുമാണ് അതിജീവിത. ഒരു മാസം മുമ്പാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ആൺസുഹൃത്ത് പ്രണയം നടിച്ചാണ് വഞ്ചിച്ചത്. മനോവിഷമത്തിലായ പെൺകുട്ടി ഏതാനും നാൾ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി വിട്ടശേഷം എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി പീഡനപരാതി നൽകി. പീഡനം നടന്നത് തിരുവനന്തപുരം ജില്ലയിലായതിനാൽ കേസെടുത്തതിന് പിന്നാലെ സംഭവസ്ഥലത്തെ സ്റ്റേഷനിലേക്ക് എഫ്.ഐ.ആർ കൈമാറി. അവിടെ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഭീഷണി എത്തിയത്.
19ന് രാവിലെ പത്തോടെയാണ് ഭീഷണി വന്നത്. പീഡനക്കേസ് പിൻവലിക്കണമെന്നതായിരുന്നു ആവശ്യം. കേസുമായി മുന്നോട്ടുപോകുമെന്ന് ഉറച്ചുപറഞ്ഞതോടെ വിശുദ്ധയാകാൻ നോക്കേണ്ടെന്നും സുഹൃത്തിനെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ കത്തിച്ചുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഭീതിയിലായ അതിജീവിത ഉടൻ പൊലീസിന് പരാതി നൽകി. പൊലീസ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റെ അനുമതിയോടെയാണ് കേസ് എടുത്തത്.
ഭീഷണി കാൾ എത്തിയ ഫോൺ നമ്പർ പെൺകുട്ടി കൈമാറിയിട്ടുണ്ട്. ഇത് സ്വിച്ച് ഓഫായ നിലയിലാണ്. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും നടപടികൾ വൈകാതെ പൂർത്തിയാക്കുമെന്നും കൊച്ചി സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
5 മാസം, 1192 കേസ്
സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ പൊലീസ് രജിസ്റ്റർ ചെയ്തത് 1192 പീഡനക്കേസുകൾ. കൊവിഡ് വ്യാപനമുണ്ടായ 2020 ഒഴിച്ചാൽ ഓരോ വർഷവും കേസുകളുടെ എണ്ണം കൂടി വരികയാണ്. 2016ൽ 1656 പീഡനക്കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. പോയവർഷം ഇത് 2901 ആയി ഉയർന്നു.
വർഷം - കേസ്
2016 - 1656
2017- 2003
2018- 2005
2019- 2023
2020-1880
2021 -2339
2022-2518
2023- 2562
2024-2901
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |