മലപ്പുറം: അംഗബലമില്ലാതെ പൊലീസ് സേന നട്ടംതിരിയുമ്പോഴും സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ) തസ്തികയിൽ നിയമനം നടക്കുന്നില്ല. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് മൂന്ന് മാസമായെങ്കിലും ഒരുനിയമനവും നടന്നിട്ടില്ല.
ഏപ്രിൽ 16ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിന് ഒരുവർഷമാണ് കാലാവധി. ഏഴ് ബറ്റാലിയനുകളിലേക്ക് തയ്യാറാക്കിയ പുരുഷ സി.പി.ഒ റാങ്ക് ലിസ്റ്റിൽ 3,115 പേരുണ്ട്. തിരുവനന്തപുരം, തൃശൂർ, കാസർകോട് ബറ്റാലിയനുകളിലായി 11 എൻ.ജെ.ഡി (നോട്ട് ജോയിനിംഗ് ഡിക്ലറേഷൻ) ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് 2,623 പേർക്ക് നിയമനം ലഭിച്ചിരുന്നു. ഏപ്രിൽ 21ന് നിലവിൽവന്ന വനിത സി.പി.ഒ റാങ്ക് ലിസ്റ്റിൽ 370 പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നിയമനമൊന്നും നടന്നിട്ടില്ല. കഴിഞ്ഞ ലിസ്റ്റിൽ നിന്ന് 361 പേരെ നിയമിച്ചിരുന്നു.
പി.എസ്.സി കട്ട് ഓഫ് മാർക്ക് ഉയർത്തിയതോടെ ഇത്തവണ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം തീരെ കുറവാണ്. 2024ൽ 6,647 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
നിലവിലുള്ള റിട്ടയർമെന്റ്, പ്രൊമോഷൻ, ഡെപ്യൂട്ടേഷൻ, ക്യാമ്പ് ഡ്രോപ്പ് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്താലേ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിന് വേഗം കൈവരൂ. സായുധ ബറ്റാലിയനിലെ 413 താത്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകാനുള്ള സർക്കാർ തീരുമാനവും കോൺസ്റ്റബിൾമാരുടെ 1,200 താത്കാലിക പരിശീലന തസ്‌തിക സൃഷ്ടിക്കാനുള്ള നടപടിയും യാഥാർത്ഥ്യമായാൽ കൂടുതൽ പേർക്ക് നിയമനം ലഭിച്ചേക്കും.
പേരിനില്ല വനിതകൾ
പൊലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കുമെന്ന സർക്കാർ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. നിലവിൽ പത്ത് ശതമാനം പോലുമില്ല. ഒരു പൊലീസ് സ്റ്റേഷനിൽ കുറഞ്ഞത് ആറ് വനിതാ പൊലീസുകാർ വേണമെന്നാണ് ചട്ടം. ഇതിന്റെ പകുതി പോലും മിക്ക പൊലീസ് സ്റ്റേഷനിലുമില്ല. ഒരുപൊലീസ് സ്റ്റേഷനിൽ പത്ത് വനിത സി.പി.ഒമാർ വേണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |