കൊച്ചി: കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി ഒഡീഷ സ്വദേശി അജയ് പ്രധാനെ (33) കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ദാരിങ്കാബാധിയിൽ നിന്നാണ് പിടികൂടിയത്. കേസിലെ എട്ടാംപ്രതിയായ ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രധാനികളിൽ ഒരാളാണ്.
ദാരിങ്കാബാദിയിൽ അജയ്പ്രധാന് കഞ്ചാവ് തോട്ടങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. ലോക്കൽ പൊലീസ് ഈ ഭാഗത്തേക്ക് കടന്നുചെല്ലാൻ ധൈര്യപ്പെടാറില്ല. ബലികുടയിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസറുടെ (എസ്.ഡി.പി.ഒ) സഹായത്തോടെയാണ് കളമശേരി എസ്.ഐ സെബാസ്റ്റ്യൻ പി. ചാക്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോളേജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിലായ സംഭവം വലിയ വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |