കൊച്ചി: ഭിന്നശേഷിയുള്ളവരുടെ നിയമനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾക്കെതിരെ അദ്ധ്യാപകർ പ്രതിഷേധത്തിനൊരുങ്ങുന്നു. ഭിന്നശേഷിയുടെ പേരിൽ നിയമനം തടസപ്പെടുകയും നിയമനം ലഭിച്ചവർക്ക് സ്ഥിര നിയമനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങൾക്കെതിരെയാണ് പ്രതിഷേധം. സംസ്ഥാനത്ത് ഏകദേശം 16,000 അദ്ധ്യാപകർ നിയമനം കാത്തിരിക്കുമ്പോൾ, അതിൽ ആയിരത്തിലേറെപ്പേർ എറണാകുളത്താണ്.
സംസ്ഥാനത്തെ ഭിന്നശേഷി അപേക്ഷകർക്കായി മൂന്ന് ശതമാനം സീറ്റുകൾ (നിയമനങ്ങൾ) ഒഴിച്ചിട്ട ശേഷം ബാക്കിയുള്ളവ ക്രമപ്രകാരം നികത്തണമെന്നും സ്ഥിരനിയമനം നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. 1998-ന് ശേഷമുള്ള നിയമനങ്ങളിലാണ് മൂന്ന് ശതമാനം സംവരണം. കോടതി വിധി വന്നിട്ടും സംസ്ഥാന സർക്കാർ ഉചിതമായ നടപടി സ്വീകരിക്കാത്തതാണ് ദിവസവേതനക്കാരായി ജോലി ചെയ്യുന്ന അദ്ധ്യാപകരെ പ്രകോപിപ്പിച്ചത്.
എൻ.എസ്.എസ് സമർപ്പിച്ച ഹർജിയിന്മേലുള്ള വിധി പ്രകാരമാണ് ആവശ്യമായ ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ട് ബാക്കി നിയമനം നടത്തണമെന്ന ഉത്തരവ് വന്നത്. നാല് വർഷം വരെ 950 രൂപ ദിവസവേതനത്തിൽ ജോലി ചെയ്യുന്നവരെ ചൂണ്ടിക്കാട്ടിയാണ് കെ.പി.എസ്.ടി.എ. ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുന്നത്.
എൻ.എസ്.എസ് സമർപ്പിച്ച കേസിലെ ഉത്തരവിന്റെ പ്രാധാന്യം
1. സംവരണ തസ്തികകൾ പ്രത്യേകമായി നീക്കിച്ചച്ചുകഴിഞ്ഞാൽ മറ്റ് നിയമനങ്ങൾ വർഷങ്ങളോളം പ്രൊവിഷണൽ ആയും ദിവസവേതന അടിസ്ഥാനത്തിലും തുടരേണ്ടിവരുന്ന സാഹചര്യം
2. നിലവിൽ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള സമാനമായ മറ്റ് കേസുകൾക്കും ഭാവിയിൽ ബാധകമാകും
3. കൂടാതെ ഭാവിയിൽ ഹൈക്കോടതി മുഖേനയും അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങൾക്ക് അനുകൂല ഉത്തരവ് നേടാൻ സാധിക്കും.
4. തസ്തികകൾ വിട്ടുകൊടുത്ത മാനേജ്മെന്റുകൾക്ക് കീഴിൽ 08-11-2021 ശേഷം നടന്ന ദിവസവേതന നിയമനങ്ങൾക്ക് ആശ്വാസം പകരുന്നതും പ്രതീക്ഷ നൽകുന്നതുമായ ഉത്തരവാണിത്.
5. നിയമനങ്ങൾ ദിവസവേതനമായി പരിമിതപ്പെടുമോ എന്ന ആശങ്കയാണ് ഈ ഉത്തരവോടുകൂടി പരിഹരിക്കപ്പെടുന്നത്.
6. കൃത്യതയോടെ, സമയബന്ധിതമായി സംവരണ നടപടികൾ പൂർത്തീകരിക്കുവാൻ ഇതിനോടകം സന്നദ്ധരായ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള ജീവനക്കാർക്ക് കാര്യങ്ങൾ എളുപ്പമാകും. കൂടുതൽ മാനേജർമാർ സംവരണ തസ്തിക വിട്ടുനൽകുന്നതിന് പ്രേരണയാകുന്ന ഉത്തരവു കൂടിയാകും ഇപ്പോൾ വന്നിട്ടുള്ള വിധി.
യോഗ്യതകൾ എല്ലാമുണ്ടായിട്ടും സങ്കേതികമായ തടസങ്ങൾ പറഞ്ഞ് അർഹതപ്പെട്ടവരുടെ നിയമനങ്ങൾ നിഷേധിക്കുന്ന സർക്കാർ നയം വിദ്യാഭ്യാസ മേഖലയെ തകർക്കും
ബിജു കുര്യൻ
കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |