കാസർകോട്: പുനർജനിയുടെ ആശ്വാസത്തിലാണ് സിന്ധു ടീച്ചർ. ഉഗ്രശബ്ദത്തിൽ റോഡിലേക്കിടിഞ്ഞ മലയിൽ കുടുങ്ങിയ കാറിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് ഇപ്പോഴുമറിയില്ല. കാസർകോട്, ചെറുവത്തൂർ മയ്യിച്ചയിൽ നൂറു മീറ്റർ ഉയരത്തിലുള്ള വീരമലക്കുന്നാണ് ഇന്നലെ രാവിലെ 10.10ന് ദേശീയപാതയിലേക്കിടിഞ്ഞത്.
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന കെ. സിന്ധു പടന്നക്കാട് എസ്.എൻ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപികയാണ്. രാവിലെ കൊടക്കാട് സ്കൂൾ സന്ദർശിക്കാനാണ് കെ.എൽ 60 എസ് 6447 നമ്പർ മാരുതി എസ്പ്രെസോ കാറിൽ ടീച്ചർ പടന്നക്കാട് നിന്ന് പുറപ്പെട്ടത്.
'മയ്യിച്ചയിലെത്തിയപ്പോൾ റോഡിലേക്ക് മണ്ണിടിയുന്നത് കണ്ടിരുന്നു. വേഗത്തിൽ പോകാമെന്ന് കരുതി കാർ മുന്നോട്ടെടുത്തു. പക്ഷേ മിന്നൽ വേഗത്തിൽ കുന്നിടിഞ്ഞ് കാറിനെ മൂടി. കാർ ഹൈവേയുടെ വലതുഭാഗത്തേക്ക് നീങ്ങിയെങ്കിലും മറിഞ്ഞില്ല. തുടർന്ന് കാർ ഓഫ് ചെയ്തു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷിച്ചത്." - നടുക്കം മാറാതെ സമീപത്തെ ഹോട്ടലിൽ തളർന്നിരുന്ന സിന്ധു കേരള കൗമുദിയോട് പറഞ്ഞു. കാറിന്റെ ചില്ല് മണ്ണ് വീണ് പൊട്ടാതിരുന്നത് രക്ഷയായി. സ്ഥലത്തെത്തിയ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, എം. രാജഗോപാലൻ എം.എൽ.എ എന്നിവർ ടീച്ചറെ ആശ്വസിപ്പിച്ചു. കാറിന് കേടുപാടുണ്ടായി. പിന്നാലെ വന്ന സ്കൂട്ടർ യാത്രക്കാരൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ശ്വാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ ഇനിയും കുന്നിടിയുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
വെള്ളം ഒഴുകാത്തത്
ദുരന്തം ഒഴിവാക്കി
സംഭവത്തിന് തൊട്ടുമുമ്പ് കാറും ലോറിയും സ്കൂട്ടറുകളുമടക്കം നിരവധി വാഹനങ്ങൾ ഇതുവഴി പോയിരുന്നു. ഇടിഞ്ഞിറങ്ങിയ കുന്നിനൊപ്പം വെള്ളവും കുത്തിയൊലിക്കാത്തത് ഭാഗ്യമായി. സമീപത്തെ വീടുകളിലേക്കും മണ്ണ് ഒലിച്ചിറങ്ങാതെ കാത്തു. കൂടുതൽ വാഹനങ്ങൾ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ മണ്ണുമാറ്റി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |