കൊച്ചി: റേഷൻ കടകളിൽ അരി ഉൾപ്പെടെ അവശ്യവസ്‌തുക്കൾ എത്തിക്കുന്ന കരാറുകാർക്ക് സിവിൽ സപ്ലൈസ് വകുപ്പ് കുടിശിക നൽകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മൂന്നു മാസത്തെ കുടിശിക 70 കോടി രൂപ കവിഞ്ഞതോടെ മെല്ലേപ്പോക്കിലാണ് കരാറുകാർ. ഇതോടെ വിഷു, ഈസ്റ്റർ സമയത്ത് റേഷൻ കടകളിൽ സാധനക്ഷാമത്തിന് ഇടയാക്കിയേക്കും.
നാഷണൽ ഫുഡ് സേഫ്‌റ്റി ആക്ട് (എൻ.എഫ്.എസ്.എ) പ്രകാരം കരാർ നേടിയവരാണ് തങ്ങളെന്ന് ട്രാൻസ്‌പോർട്ട് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ലോറിവാടക നൽകാനുൾപ്പെടെ വൻതുക വായ്‌പയെടുത്തവർ കടക്കെണിയിലാണ്. കുടിശിക ലഭിക്കുന്നതിനനുസരച്ചേ വാതിൽപ്പടി സേവനങ്ങൾ തുടരൂവെന്ന് കരാറുകാർ പറഞ്ഞു. മാർച്ചിൽ തന്ത്രപരമായി കൂടുതൽ ലോഡ് വകുപ്പ് എടുപ്പിച്ചിരുന്നു. ഇത് ക്രിസ്മസ്, ഈസ്റ്റർ പ്രമാണിച്ചാണെന്ന് സംശയമുണ്ടെന്ന് കരാറുകാർ പറയുന്നു.
45 കരാറുകാർ
സംസ്ഥാനത്ത് 45 കരാറുകാരാണുള്ളത്. ജനുവരി മുതലുള്ള തുകയാണ് കുടിശിക. ഇത് 60 കോടിയോളം വരും. ഒരുമാസത്തെ തുക മാത്രം 20 കോടി. ഓഡിറ്റിംഗ് നടക്കാത്തതിനാൽ 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള 10 കോടി രൂപയും കുടിശികയാണ്. ബിൽ തുക സമർപ്പിച്ചാൽ ആദ്യത്തെ 90 ശതമാനം ആദ്യ ആഴ്ചയിലും ബാക്കി 10 ശതമാനം തുക ഓഡിറ്റ് കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിലും നൽകണമെന്നാണ് വ്യവസ്ഥ. പലതവണ സപ്ലൈകോ സി.എം.ഡിക്കും ഭക്ഷ്യവകുപ്പ് അധികൃതർക്കും നിവേദനം നൽകിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല.
ലോറിപ്രശ്നം
എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് സാധനമെടുക്കാൻ പ്രാദേശിക ലോറികൾക്ക് മാത്രമാണ് അനുമതി. ലോഡ് എടുത്താൽ ഉടൻ ലോറിയുടമയ്ക്ക് പണം നൽകണം. കരാറുകാരുടെ ലോറികൾ ഗോഡൗണിനകത്ത് പ്രവേശിപ്പിക്കില്ല. എറണാകുളത്ത് സ്ഥിതി രൂക്ഷമാണ്, കടം വാങ്ങിയാണ് പലരും പണം നൽകുന്നത്. ക്ഷേമനിധിയിൽ അംഗമല്ലാത്ത തൊഴിലാളികൾക്കും ഉടൻ പണം നൽകേണ്ടതുണ്ട്. ഇത് കരാറുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
മൂന്ന് മാസത്തെ കുടിശിക- 60 കോടി
ഓഡിറ്റിന് ശേഷം ലഭിക്കാനുള്ളത്- 10 കോടി
ആകെ കരാറുകാർ- 45
താലൂക്കുകൾ- 77
ഉത്സവ സീസണായതിനാൽ ഗതാഗത കരാറുകാർക്ക് ഫണ്ട് പൂർണമായും വിതരണം ചെയ്യണം. പലർക്കും കോടികളുടെ കടമാണ് നിലവിലുള്ളത്.
മുഹമ്മദ് റഫീക്
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്
ട്രാൻസ്‌പോർട്ട് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |