കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ചാറ്റ് ചെയ്‌തെന്ന് ഭീഷണിപ്പെടുത്തി 65 വയസുകാരനിൽ നിന്ന് അരക്കോടി രൂപ തട്ടിയ കേസിൽ എറണാകുളം റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 25 വയസുകാരനായ ഒരു യുവാവും 30 വയസുകാരിയായ ഒരു യുവതിയുമാണ് കേസിലെ പ്രതികൾ. 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.
എറണാകുളം സ്വദേശിയായ 65 വയസുകാരന്റെ വാട്‌സ്ആപ്പിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് ഒരു സന്ദേശമെത്തുന്നതാണ് തട്ടിപ്പിന് തുടക്കം. ഇതിന് പിന്നിൽ പ്രതികളായിരുന്നു. സൗഹൃദം നടിച്ച് ഇവർ ചാറ്റിംഗ് തുടർന്നു. ഏതാനും നാളുകൾക്ക് ശേഷം പ്രതികളിലൊരാൾ, വടക്കൻ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകനാണെന്ന് സ്വയം പരിചയപ്പെടുത്തി 65 വയസുകാരനെ ഫോണിൽ ബന്ധപ്പെട്ടു. ഇത്രയും ദിവസം ചാറ്റ് ചെയ്തിരുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായാണെന്നും ചാറ്റും മറ്റും പൊലീസിന് കൈമാറി പോക്‌സോ കേസിൽ കുടുക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ഭീതിയിലായ പരാതിക്കാരൻ കേസ് നൽകാതിരിക്കാൻ അഭ്യർത്ഥിച്ചു. പണം നൽകിയാൽ വിവരം പൊലീസിനെ അറിയിക്കില്ലെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് പലതവണയായി അരക്കോടിയോളം രൂപ കൈക്കലാക്കി, പണം കൈപ്പറ്റിയതിന്റെ രേഖകൾ നശിപ്പിക്കുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
വിശദമായ അന്വേഷണം ആവശ്യമെന്ന് പൊലീസ്
പരാതിയിൽ കേസെടുത്തെങ്കിലും വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. 2021 മുതൽ നടന്ന തട്ടിപ്പായതിനാൽ അതീവ കരുതലോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇത്രയും തുക നൽകിയതിനെക്കുറിച്ചും പ്രതികളെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. പരാതിക്കാരന്റെ ഇടപെടലുകളും അന്വേഷണപരിധിയിൽ വരും. ഇതിന് ശേഷമായിരിക്കും അറസ്റ്റിലേക്ക് കടക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക. കോടതി ഉത്തരവ് അനുസരിച്ച് രജിസ്റ്റർ ചെയ്ത കേസിൽ വൈകാതെ അന്വേഷണം പൂർത്തിയാക്കുമെന്നും ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |