വടക്കാഞ്ചേരി: ഷൊർണൂർ- തൃശൂർ റെയിൽപാതയിൽ മാരാത്തുകുന്ന് ഏഴാം നമ്പർ ഗേറ്റ് ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അതിവേഗം. നിർമ്മാണത്തിന് ജനറൽ അറേഞ്ച്‌മെന്റ് ഡ്രോയിംഗ് തയ്യാറാക്കി കഴിഞ്ഞ 23ന് റെയിൽവെയുടെ ക്ലിയറൻസ് ലഭിച്ചിരുന്നു. പിന്നാലെ മണ്ണ് പരിശോധനയ്ക്കും തുടക്കമായി. അഞ്ച് സ്ഥലത്തായാണ് പരിശോധന. ടോപ്പോ ഗ്രാഫിക് സർവേ ഉടൻ ആരംഭിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. നിർദ്ധിഷ്ഠ വടക്കാഞ്ചേരി ബൈപാസുമായി മേൽപ്പാലത്തെ ബന്ധിപ്പിക്കും. ഇന്ത്യൻ റോഡ് കോൺഗ്രസ് മാനദണ്ഡപ്രകാരം 5.50 മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് ഉറപ്പുവരുത്തും. മാരാത്തുകുന്ന് റെയിൽവേ ഗേറ്റിൽ നിന്ന് ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലേക്കുള്ള ദൂരക്കുറവും ഗേറ്റിനടുത്തുള്ള കൊടുംവളവും പരിഗണിച്ചുള്ള അലൈൻമെന്റാണ് പരിഗണനയിലുള്ളത്. ഓട്ടുപാറയിൽ നിന്നും മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് ആരംഭിക്കുന്ന രീതിയിലാണ് പ്രാഥമിക പഠനങ്ങൾ പുരോഗമിക്കുന്നത്. എങ്കക്കാട് മേൽപ്പാലം നിർമ്മാണം റെയിൽവേ വർക്ക് പ്രോഗ്രാമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്ത് നൽകിയതായും നടപടികൾ പുരോഗമിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |